കരുമാലൂർ മനയ്ക്കപ്പടി-മാഞ്ഞാലി റോഡിലെ പാലച്ചുവട് ഭാഗത്തെ നിലംനികത്തൽ.
കരുമാലൂർ: കരുമാലൂർ മേഖലകളിൽ അനധികൃത നിലംനികത്തൽ വ്യാപകമാകുന്നതായി പരാതി. കരുമാലൂർ പഞ്ചായത്തിലെ മൂന്നാം വാർഡിൽ ഉൾപ്പെടുന്ന മനയ്ക്കപ്പടി-മാഞ്ഞാലി റോഡിലെ പാലച്ചുവട് ഭാഗത്താണ് ഏക്കർ കണക്കിന് പാടശേഖരം മണ്ണിട്ട് നികത്തുന്നത്.
വലിയ ടോറസ് ലോറികളിൽ മണ്ണെത്തിച്ച് നികത്തൽ ആരംഭിച്ചതോടെ പ്രദേശവാസികൾ സംഘടിച്ച് തടഞ്ഞു. എന്നാൽ നികത്തൽ ഏറ്റെടുത്തിരിക്കുന്ന സംഘം നാട്ടുകാരെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ വാർഡിലാണ് വ്യാപകമായി നിലംനികത്തൽ തുടരുന്നത്. കഴിഞ്ഞ മൂന്ന് മാസമായി കരുമാലൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം പ്രവൃത്തികൾ തുടരുകയാണെന്നും നാട്ടുകാർ ആരോപിക്കുന്നു.
അനധികൃത നിലം നികത്തലിനെതിരെ നിരവധി പരാതികൾ ഉയർന്നിട്ടും പഞ്ചായത്ത് അധികൃതരും കൃഷിഭവനും ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. പാടശേഖരങ്ങൾ വ്യാപകമായി നികത്തുന്നത് മഴക്കാലത്ത് രൂക്ഷമായ വെള്ളക്കെട്ടിനും വേനൽക്കാലത്ത് കടുത്ത ജലക്ഷാമത്തിനും കാരണമാകുമെന്ന ആശങ്കയും പ്രദേശവാസികൾ പങ്കുവയ്ക്കുന്നു.
പരാതികൾ നൽകിയിട്ടും നികത്തലിന് നേതൃത്വം നൽകുന്നവർക്കെതിരേ നടപടിയുണ്ടാകാത്തതിനാൽ നികത്തിൽ അധികൃതരുടെ ഒത്താശയോടെയും രാഷ്ട്രീയ നേതൃത്വത്തിന്റെ പിന്തുണയിലുമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
സംഭവത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്കും റവന്യൂ മന്ത്രിക്കും പരാതി നൽകാനുള്ള ഒരുക്കത്തിലാണ് പ്രദേശവാസികൾ.
Tags : Land Reclamation Nattuvishesham DistrictNews