ഒരുവര്‍ഷമായി ചേർത്തല നഗരസംഭ 14-ാം വാർഡില്‍ നഗരസഭ റോഡ് തടസപ്പെടുത്തി ജനങ്ങളുടെ വഴിമുടക്കിയായി ദേശീയപാതയോരത്ത് നടക്കുന്ന കാന നിർമാണം.
ചേർത്തല: ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് ഗതാഗതം തടസപ്പെട്ട് ഒരു വർഷമായി ഒരു പ്രദേശം ഒറ്റപ്പെട്ട അവസ്ഥയില്‍. ദേശീയപാതയില്‍ കാന നിർമാണത്തിനായി നഗരസഭാ റോഡ് ഉള്‍പ്പെടെ തടസപ്പെടുത്തിയിട്ട് ഒരുവർഷം പിന്നിട്ടു.
ഇതുമൂലം നഗരസഭയിലെ 14-ാം വാർഡിലെ 20 കുടുംബങ്ങൾ പ്രധാന റോഡുകളിലേക്കുള്ള ഗതാഗതം തടസപ്പെട്ട് ഒറ്റപ്പെട്ട നിലയിലാണ്. ചേർത്തല പൊലിസ് സ്റ്റേഷന് വടക്കുഭാഗത്തുള്ള ജനങ്ങള്‍ക്കാണ് ഈ ദുരവസ്ഥ. ചേർത്തല നഗരത്തിൽനിന്ന് തുടങ്ങി 14-ാം വാർഡിലൂടെ കടന്ന് ദേശീയപാതയിൽ ചേരുന്ന പ്രധാന റോഡാണ് കാനയ്ക്കായി പൂർണമായും പൊളിച്ചിട്ടത്. നിര്‍മാണത്തിനായി റോഡ് തടസപ്പെടുത്തിയതിനാല്‍ ഈ ഭാഗം ഒറ്റപ്പെട്ട അവസ്ഥയിലാണ്.
വർഷകലത്ത് നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കി വെള്ളം എഎസ് കനാലിലേക്ക് ഒഴുക്കിവിടാനുള്ള പ്രധാന കാനയുടെ നിർമാണമാണ് നടക്കുന്നത്. ഒരുവർഷം മുൻപ് കാനയ്ക്കായി ആഴത്തിൽ കുഴിയെടുത്ത് ഇരുവശങ്ങളിലായി കോൺക്രീറ്റ് ഭിത്തി കെട്ടിയതോടെ പണി നിലച്ചു. സ്ലാബ് ഇടുകയോ റോഡ് പൂർവസ്ഥിതിയിലാക്കുകയോ ചെയ്തിട്ടില്ല.
ഇതോടെ ഈ പ്രദേശത്തെ ഇരുപതോളം വീട്ടുകാർക്ക് ദേശീയപാതയിലേക്ക് കടക്കാൻപോലും വഴിയില്ലാതായി. രോഗികൾ ഉൾപ്പെടെയുള്ളവരെ വീടുകളിൽനിന്ന് പുറത്തേക്ക് കൊണ്ടുപോകാൻ ഓട്ടോറിക്ഷ പോലും എത്തുന്നില്ല. ഇരുചക്രവാഹനങ്ങൾ പോലും തള്ളിക്കൊണ്ടുപോകേണ്ട അവസ്ഥയിലാണ് പ്രദേശം. ഒറ്റപ്പെട്ട മഴ പെയ്താൽ പോലും കാനയ്ക്കായി കുഴിച്ച കുഴിയിൽ വെള്ളം നിറഞ്ഞ് സമീപത്തെ വീടുകളിലേക്ക് ഇരച്ചുകയറുകയാണ്.
നാട്ടുകാരുടെ പരാതികളെത്തുടര്‍ന്ന് നഗരസഭ മണ്ണുമാന്തിയന്ത്രം കൊണ്ടുവന്ന് വെള്ളം കോരിക്കളഞ്ഞ് താത്കാലിക പരിഹാരം കാണുന്നതാണ് പതിവ്.
കഴിഞ്ഞവർഷക്കാലത്ത് മാസങ്ങളോളം ഈ പ്രദേശത്തെ താമസക്കാര്‍ വെള്ളക്കെട്ടിൽ ദുരിതം അനുഭവിച്ചു. കാനയ്ക്കായി കുഴിയെടുത്തതോടെ റോഡരികിലെ 11 കെ വി വൈദ്യുത ലൈനിന്റെ നാലു പോസ്റ്റുകൾ താഴെ പതിക്കാറായ അവസ്ഥയിലാണ്.
പോസ്റ്റുകളുടെ അടിഭാഗത്തെ മണ്ണ് പൂർണമായും ഒലിച്ചുപോയ നിലയിലാണ്. കാറ്റും മഴയും വന്നാൽ പോസ്റ്റ് വീണ് വൻ അപകടമുണ്ടാകുമെന്ന ഭീതിയിലാണ് നാട്ടുകാർ. കാനയുടെ പണി കഴിഞ്ഞാൽ മാത്രമേ റോഡ് നന്നാക്കാന്‍ കഴിയൂ എന്നാണ് അധികൃതരുടെ മറുപടി.
അടിയന്തരമായി കാന നിർമാണം പൂർത്തിയാക്കി റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് ഈ പ്രദേശത്തെ ജനങ്ങളുടെ ആവശ്യം. അല്ലാത്തപക്ഷം നഗരസഭയ്ക്ക് മുന്നിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് നാട്ടുകാർ പറഞ്ഞു.
Tags :