പ്രവൃത്തി പുരോഗമിക്കുന്ന അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനിലെ നടപ്പാലം.
അങ്ങാടിപ്പുറം: പെരിന്തല്‍മണ്ണ ഭാഗത്തുനിന്നുള്ള യാത്രക്കാര്‍ അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനിലേക്ക് പ്രധാനമായും ആശ്രയിക്കുന്ന നടപ്പാലം നിര്‍മാണം അന്തിമഘട്ടത്തില്‍. എഫ്സിഐ റോഡില്‍നിന്ന് നേരിട്ട് ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലേക്ക് പ്രവേശിക്കാവുന്ന രീതിയിലുള്ള പുതിയ നടപ്പാലം നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. നിലവില്‍ റെയില്‍വേ ട്രാക്ക് മുറിച്ചുകടന്നോ ദീര്‍ഘദൂരം ചുറ്റിക്കറങ്ങിയോ ആണ് യാത്രക്കാര്‍ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ എത്തുന്നത്.
ഇതു പ്രത്യേകിച്ച് പ്രായമായവര്‍ക്കും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുകയാണ്. പുതിയ മേല്‍പ്പാലം യാഥാര്‍ഥ്യമാകുന്നതോടെ എഫ്സിഐ റോഡില്‍നിന്ന് സുരക്ഷിതമായും എളുപ്പത്തിലും യാത്രക്കാര്‍ക്ക് ടിക്കറ്റ് കൗണ്ടറിലേക്കും പ്ലാറ്റ്ഫോമുകളിലേക്കും പ്രവേശിക്കാനാകും.
മേല്‍പാലത്തിന്റെ പ്രധാന ഇരുമ്പ് തൂണുകളുടെയും സ്ലാബുകളുടെയും ഉറപ്പിക്കല്‍ , സ്റ്റെപ്പുകളിലുള്ള കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ എന്നീ ജോലികളാണ് ഇപ്പോള്‍ നടന്നുവരുന്നത്. നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കി എത്രയും വേഗം പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാനുള്ള ശ്രമത്തിലാണ് റെയില്‍വേ അധികൃതര്‍.