പ്രതീകാത്മക ചിത്രം
പിറവം.: മണീടിൽ കരിങ്കൽ ക്വാറിയ്ക്ക് അനുമതി നൽകിയ കളക്ടറുടെ ഉത്തരവ് പുനപരിശോധിക്കണമെന്ന് സിപിഎം. ആരുടെ സമ്മർദത്താലാണ് അനുമതി നൽകിയതെന്ന് വ്യക്തമാക്കണമെന്ന് സിപിഎം മണീട് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.
വർഷങ്ങൾക്കു മുമ്പ് നിരവധി പരിസ്ഥിതിക പ്രശ്നങ്ങൾക്കും നാശനഷ്ടങ്ങൾക്കും ശേഷം പരാതികൾക്കും പ്രക്ഷോഭങ്ങൾക്കുമൊടുവിലാണ് ഇവിടുത്തെ പാറമട പ്രവർത്തനം നിർത്തിയത്. പാറമടയ്ക്ക് സമീപമുള്ള ഒന്നര ഏക്കറോളം വരുന്ന റവന്യു പുറമ്പോക്കു ഭൂമി തിരിച്ചെടുക്കാനുള്ള നടപടികളും എങ്ങുമെത്തിയില്ല.
പഞ്ചായത്തു ഭരണ സമിതി അനുമതി നിഷേധിച്ച പാറമട ലൈസൻസ് ദിവസങ്ങൾ കൊണ്ട് സ്വന്തമാക്കാൻ കഴിഞ്ഞതിന് പിന്നിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്ന് സിപിഎം ആരോപിച്ചു. അനുമതി അടിയന്തിരമായി പുനപരിശോധിക്കണമെന്നും ഇതിന് തയാറായില്ലെങ്കിൽ ജനങ്ങൾക്കൊപ്പം ചേർന്ന് പ്രക്ഷോഭം ആരംഭിക്കുമെന്നും ലോക്കൽ സെക്രട്ടറി ബിജു സൈമൺ പറഞ്ഞു.