വെള്ളം കയറി നശിച്ച മത്തപ്പാടത്ത് സുന്ദരൻ നളന്ദയും വിജയനും.
കുലശേഖരമംഗലം: കനത്ത മഴയെത്തുടർന്ന് തോടുകൾ കരകവിഞ്ഞു കൃഷിയിടത്തിൽ വെള്ളം കയറി പാവയ്ക്ക, മത്തൻ കൃഷികൾ മുങ്ങി നശിച്ചു. മറുവൻതുരുത്ത് കുലശേഖരമംഗലം കൊടുപ്പാടത്ത് സുന്ദരൻ നളന്ദ, അരുൺഭവനിൽ രാജപ്പൻ എന്നിവർ പാട്ടത്തിന് നടത്തിയ കൃഷിയാണ് വിളവെടുപ്പ് ആരംഭിച്ച് ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ വെള്ളം കയറി നശിച്ചത്.
ഓണവിപണി കണക്കാക്കി 64 സെന്റ് സ്ഥലത്ത് മത്തനും 20 സെന്റ് പുരയിടത്തിൽ പാവൽ കൃഷിയുമാണ് ഇവർ നടത്തിയിരുന്നത്. വിളവെടുപ്പ് തുടങ്ങി ദിവസങ്ങൾക്കകം മഴ കനത്ത് തോടുകൾ കരകവിഞ്ഞ് കൃഷിയിടം മുങ്ങുകയായിരുന്നു.
മൂവാറ്റുപ്പുഴയാർ, വേമ്പനാട്ടുകായൽ എന്നീ ജലാശയങ്ങളുമായി ബന്ധപ്പെട്ട് ഒഴുകുന്ന പ്രദേശത്തെ തോടുകൾ ചെളിയും മാലിന്യങ്ങളും അടിഞ്ഞ് നീരൊഴുക്ക് നിലച്ചതിനാൽ പെയ്ത്ത് വെള്ളം ഇറങ്ങിപ്പോകാൻ മാർഗമില്ലാതായതാണ് കർഷകർക്ക് കനത്ത പ്രഹരമായത്.
സുന്ദരനും രാജപ്പനും മൂന്നര ഏക്കറിൽ നടത്തിയ 750 ചുവട് കപ്പകൃഷിയും മൂപ്പെത്തുന്നതിന് മുമ്പ് വെള്ളം കയറി നശിച്ചത് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ്. കൃഷിയിടങ്ങളുമായി ബന്ധപ്പെട്ട തോടുകൾ ആഴംകൂട്ടി ശുചീകരിച്ച് നീരൊഴുക്ക് ഉണ്ടാക്കിയില്ലെങ്കിൽ ആഭരണം പണയം വച്ചും കടം വാങ്ങിയും ബാങ്ക് വായ്പയെടുത്തും കൃഷിയിലേർപ്പെടുന്നവർ വലിയ കടബാധ്യതയിലാകുമെന്ന് കർഷകർ പറയുന്നു.
ഗ്രാമീണ മേഖലയിൽ കാർഷിക വൃത്തിയിലേർപ്പെടുന്നവരെ നിലനിർത്തുന്നതിനായി കൃഷി നാശത്തിന് മതിയായ നഷ്ടപരിഹാരം നൽകാനും ജലാശയങ്ങൾ ആഴം കൂട്ടി നീരൊഴുക്ക് ശക്തമാക്കാനും അധികൃതർ നടപടി സ്വീകരിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.