വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കാഞ്ഞിരപ്പള്ളി ഫയര്‍ സ്റ്റേഷൻ.
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഫയര്‍ സ്റ്റേഷൻ വാടകക്കെട്ടിടത്തിന്റെ ശ്വാസംമുട്ടലിൽനിന്ന് രക്ഷനേടുന്നു. പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് 2.40 കോടി രൂപ എംഎല്‍എ ഫണ്ട് അനുവദിച്ചതായി ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് അറിയിച്ചു. ഫയര്‍ സ്റ്റേഷന് തുടക്കം മുതല്‍ വാടകക്കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്.
ശബരിമല സീസണിലുള്‍പ്പെടെ ഫയര്‍ഫോഴ്സിന്റെ സേവനം അത്യന്താപേക്ഷിതമായ പ്രദേശമാണ്. വെള്ളം കിട്ടുന്നതും കെട്ടിടനിര്‍മാണത്തിന് യോജിച്ചതുമായ സ്ഥലം കണ്ടെത്തുന്നതിനുള്ള വ്യാപകമായ അന്വേഷണത്തിനൊടുവിലാണ് കാഞ്ഞിരപ്പള്ളി-മണിമല റോഡില്‍ മണ്ണാറക്കയം ഭാഗത്ത് റോഡ് നിര്‍മാണത്തിന് ആവശ്യമായ സ്ഥലം ഒഴിവാക്കി ബാക്കിവരുന്ന 17.70 സെന്റ് സ്ഥലം കണ്ടെത്തിയത്. ഇത് സംബന്ധിച്ച് റവന്യുമന്ത്രിക്ക് നിവേദനം നൽകി.
നിയമസഭയില്‍ സബ്മിഷനും അവതരിപ്പിച്ചിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സ്ഥലം അനുവദിച്ചുകൊണ്ട് കോട്ടയം ജില്ലാ കളക്ടറുടെ അന്തിമ ഉത്തരവ് ലഭിച്ചു. ഈ സ്ഥലത്ത് ആവശ്യമായ കെട്ടിടം പൊതുമരാമത്ത് വകുപ്പ് മുഖേന നിര്‍മിക്കുന്നതിനാണ് എംഎല്‍എ ഫണ്ട് അനുവദിച്ചിരിക്കുന്നത്. എത്രയും വേഗം പുതിയ കെട്ടിടം പണിത് കാഞ്ഞിരപ്പള്ളിയില്‍ തന്നെ ഫയര്‍ സ്റ്റേഷന് നിലനിര്‍ത്തുന്നതിന് നടപടി സ്വീകരിക്കുമെന്ന് ചീഫ് വിപ്പ് അറിയിച്ചു.
35 വർഷമായി
വാടകക്കെട്ടിടത്തിൽ
1990ൽ സ്റ്റേഷൻ ആരംഭിച്ച കാലം മുതൽ ഇടുങ്ങിയ വാടകക്കെട്ടിടത്തിലാണ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. വേനൽക്കാലത്ത് കുടിക്കാനും കുളിക്കാനും പ്രാഥമികാവശ്യങ്ങൾക്കുപോലും വെള്ളമെടുക്കുന്നത് അയൽപക്കത്തെ കിണറ്റിൽനിന്നാണ്. 44 ഉദ്യോഗസ്ഥർ ജോലി ചെയ്യുന്ന സ്റ്റേഷനിൽ ഒരു ഷിഫ്റ്റിൽ കുറഞ്ഞത് 15 മുതൽ 20 ഉദ്യോഗസ്ഥർവരെയുണ്ടാകും.
ആകെ 1500ൽ താഴെ മാത്രം ചതുരശ്ര അടി വിസ്തീർണമുള്ള സ്റ്റേഷനിൽ ഗാരേജ് കഴിഞ്ഞാൽ ഓഫീസും ഒരു വിശ്രമമുറിയും അടുക്കളയും ഒരു സ്റ്റോറും ഒരു ശുചിമുറിയും മാത്രമാണുള്ളത്. ഇടുങ്ങിയ വിശ്രമമുറിയിൽ പരമാവധി അഞ്ചുപേർക്കു കിടക്കാം. രാത്രി സമയങ്ങളിൽ ബാക്കിയുള്ളവർ വിശ്രമിക്കുന്നത് അടുക്കളയിലും ഗാരേജിലുമാണ്.
Tags : fire station natuvisesham local news