കൊച്ചി: ജില്ലയിലെ വിവിധ റോഡുകളില്‍ വലിയ കുഴികള്‍ രൂപപ്പെട്ട് ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യത്തില്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി അറ്റകുറ്റപ്പണികള്‍ നടത്തി റോഡുകള്‍ അടിയന്തരമായി ഗതാഗതയോഗ്യമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ് ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്കി.
പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്.
പനങ്ങാട്-കുമ്പളം പാലം അപ്രോച്ച് റോഡുമായി സംഗമിക്കുന്ന ഭാഗം, നെട്ടൂര്‍-കുണ്ടന്നൂര്‍ പാലത്തിന് സമീപമുള്ള നെട്ടൂര്‍ അപ്രോച്ച് റോഡ്, കുമ്പളം-അരൂര്‍ പാലത്തിന്റെ റോഡ്, മാടവന ജംഗ്ഷന് സമീപമുള്ള റോഡ്, വൈറ്റില ജംഗ്ഷന് സമീപം പാലാരിവട്ടം ഭാഗത്തേക്ക് പോകുന്ന പൊന്നുരുത്തി റെയില്‍ ഓവര്‍ബ്രിഡ്ജിന് സമീപമുള്ള റോഡ് എന്നിവിടങ്ങളിലാണ് കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്.
ഈ റോഡുകള്‍ ഏത് ഏജന്‍സിക്കു കീഴിലാണ് വരുന്നതെന്ന് കണ്ടെത്തണമെന്ന് കമ്മീഷന് നിര്‍ദേശം നല്കി.
ബന്ധപ്പെട്ട ഏജന്‍സികളിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍മാര്‍ സ്ഥലപരിശോധന നടത്തി അറ്റകുറ്റപ്പണികള്‍ അടിയന്തരമായി നടത്തണം.
സ്വീകരിച്ച നടപടികള്‍ എക്സിക്യുട്ടീവ് എന്‍ജിനിയര്‍മാര്‍ക്ക് രേഖാമൂലം സമര്‍പ്പിക്കണം. അറ്റകുറ്റപ്പണികള്‍ യഥാസമയം നടത്തിയതായി ജില്ലാ കളക്ടര്‍ ഉറപ്പാക്കണമെന്നും ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ് നിര്‍ദേശം നല്കി.
ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ ജില്ലാ കളക്ടറും എക്സിക്യൂട്ടീവ് എന്‍ജിനിയര്‍മാരും അഞ്ചാഴ്ചയ്ക്കകം സമര്‍പ്പിക്കണം.
ജില്ലാ കളക്ടറുടെ പ്രതിനിധിയും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍മാരും ഒക്ടോബര്‍ 23ന് പത്തടിപ്പാലം പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ ഹാജരായി വസ്തുതകള്‍ ധരിപ്പിക്കണമെന്നും ഉത്തരവില്‍ പറഞ്ഞു.
Tags : Nattuvishesham Districtnews Deepikanews Damaged roads