പ്രതീകാത്മക ചിത്രം
തൊടുപുഴ: കൗണ്‍സിലര്‍മാരുടെ എതിര്‍പ്പിനിടയിലും നഗരസഭ പതിനാലാം വാര്‍ഡ് ഹരിതകര്‍മസേനാംഗങ്ങളെ നീക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു. ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ ഭരണ, പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ക്കിടയില്‍ വലിയ തര്‍ക്കങ്ങള്‍ക്കുശേഷം വോട്ടിനിട്ടാണ് ഇവരെ മാറ്റിയത്. പട്ടയംകവല വാര്‍ഡംഗം ജോമോന് ഉലഹന്നാന് വാര്‍ഡിലെ ഹര്തകര്മസേനാംഗങ്ങളെക്കുറിച്ച് മുമ്പ് കൗണ്‍സിലില്‍ പരാതി നല്‍കിയിരുന്നു. ഇവരെ മാറ്റി നിയമിക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ എല്‍ഡിഎഫ് ഇക്കാര്യത്തിലെ സര്‍ക്കാര്‍ ഉത്തരവ് ചൂണ്ടിക്കാട്ടി ഇതിനെ എതിര്‍ത്തു. ഇന്നലെ വീണ്ടും ഇത് അജണ്ടയായി ചര്‍ച്ചയ്ക്കെടുത്തു. ഇവരെ മാറ്റണമെന്ന നിലപാടില്‍ യുഡിഎഫ് ഉറച്ചുനിന്നതോടെയാണ് വോട്ടിനിട്ടത്.
കഴിഞ്ഞ കൗണ്‍സിലില്‍ തീരുമാനിച്ചതുപോലെ ഇതുമായി ബന്ധപ്പെട്ട് പരാതി പരിഹാര കമ്മിറ്റി രൂപീകരിച്ചിരുന്നില്ല. ഹരിതകര്മസേനാംഗങ്ങള്ക്കെതിരേ വാര്‍ഡില്‍നിന്ന് മറ്റു പരാതികളൊന്നുമില്ലെന്നും വാര്‍ഡ് കൗണ്‍സിലര്‍ വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് ഇത്തരം പരാതികള്‍ ഉന്നയിക്കുന്നതെന്നും എല്‍ഡിഎഫ് ആരോപിച്ചു.
തര്‍ക്കം രൂക്ഷമായതോടെ അജണ്ട വോട്ടിനിടുകയായിരുന്നു. യുഡിഎഫ് ഭൂരിപക്ഷത്തില്‍ ഹരിതകര്‍മസേനാംഗങ്ങളെ മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. ബിജെപി വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. വിഷയത്തില്‍ എല്‍ഡിഎഫിന്റെ വിയോജനക്കുറിപ്പ് നല്‍കുമെന്ന് കൗണ്‍സിലര്‍ കെ.കെ. ഷിംനാസ് പറഞ്ഞു.
സിഡിഎസ് കമ്മിറ്റിയിലും
കുടുംബശ്രീ സിഡിഎസ് കമ്മിറ്റിയില്‍ വനിതാ കൗണ്‍സിലര്‍മാരെ ഉള്‍പ്പെടുത്തുന്നതിലും ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായി. പുതുതായി അഞ്ച് വനിതാ കൗണ്‍സിലര്‍മാരെയാണ് ഉള്‍പ്പെടുത്തേണ്ടത്. എല്‍ഡിഎഫും ബിജെപിയും നിര്‍ദേശിച്ച കൗണ്‍സിലര്‍മാരെ ഉള്‍പ്പെടുത്തുന്നത് യുഡിഎഫിലെ വിഷ്ണു കെ. ശശിയടക്കമുള്ള ഏതാനും പേര് എതിര്‍ത്തു.
അഭിപ്രായം പറയുന്നതിനിടെ ബിജെപിയിലെ രേണുക രാജശേഖരന്റെ ചില പദപ്രയോഗങ്ങളെ വിഷ്ണു എതിര്‍ത്തതോടെ ഇരുവരും തമ്മില്‍ വലിയ വാക്കേറ്റമായി. ചെയര്‍പേഴ്സനോട് അഭിപ്രായം പറയുമ്പോള്‍ ഭരണപക്ഷ അംഗങ്ങള്‍ ശബ്ദമുണ്ടാക്കി പേടിപ്പിക്കാന്‍ നോക്കേണ്ടെന്ന് കെ.കെ. ഷിംനാസും പറഞ്ഞു. ഇതിന് മറുപടിയായി ജോമോന് ഉലഹന്നാനെത്തിയതോടെ വാഗ്വാദം രൂക്ഷമായി.
ഒടുവില്‍ എല്‍ഡിഎഫില്‍നിന്ന് ബി. സുരേഷിനെയും ബിജെപിയില്‍നിന്ന് രേണുക രാജശേഖരനെയും കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. യുഡിഎഫില്‍നിന്ന് ആനീസ് ജോണ്‍, ആതിര ജോഷി, രാജി അജേഷ് എന്നിവരും കമ്മിറ്റിയിലുണ്ട്.
പാറക്കടവ് അര്‍ബന്‍ പിഎച്ച്സിയിലെ എച്ച്എംസി പുനഃസംഘടിപ്പിക്കുന്ന വിഷയത്തില്‍ അജണ്ട തീരുമാനമാകാതെ മാറ്റിവച്ചു.
ജൂണ്‍ 12ലെ കൗണ്‍സിലില്‍ എച്ച്എംസി പുനസംഘടിപ്പിച്ചതാണ്. എന്നാല്‍ ഇത് സര്‍ക്കാര്‍ ഉത്തരവ് പ്രകാരമല്ലെന്ന് കാണിച്ച് മെഡിക്കല്‍ ഓഫീസര്‍ കത്ത് നല്‍കിയിരുന്നു. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം എച്ച്എംസിയില്‍ ആശുപത്രി നിലനില്‍ക്കുന്ന പ്രദേശത്തെ മൂന്ന് സന്നദ്ധപ്രവര്‍ത്തകര്‍ വേണമെന്നാണ്.
എല്‍ഡിഎഫും ബിജെപിയും ഒന്നുവീതം പ്രതിനിധികളെ നിര്‍ദേശിച്ചപ്പോള്‍ യുഡിഎഫില്‍ ലീഗിനും കോണ്‍ഗ്രസിനും ഓരോന്ന് വീതമെന്നുള്ള തര്‍ക്കമായി. ഇതോടെ അജണ്ട തീരുമാനമെടുക്കാതെ മാറ്റിവയ്ക്കുകയായിരുന്നു.
Tags : Municipal Council Nattuvishesham District news