പരിസ്ഥിതിലോല പ്രദേശ കരട് വിജ്ഞാപനത്തിനെതിരേ കേരള കർഷകസംഘം പൂഞ്ഞാറിൽ സംഘടിപ്പിച്ച കൺവൻഷൻ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എം. ടി. ജോസഫ് ഉദ്ഘാടനം
പൂഞ്ഞാർ: പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശ കരട് വിജ്ഞാപനത്തിൽനിന്ന് ജനവാസ മേഖലകളും കൃഷിഭൂമികളും തോട്ടം മേഖലകളും പൂർണമായി ഒഴിവാക്കണമെന്ന് കേരള കർഷകസംഘം പൂഞ്ഞാറിൽ സംഘടിപ്പിച്ച കൺവൻഷൻ ആവശ്യപ്പെട്ടു. കേന്ദ്ര വനം–പരിസ്ഥിതി മന്ത്രാലയം ജൂലൈ 27ന് പുറപ്പെടുവിച്ച ഏഴാമത് കരട് വിജ്ഞാപനത്തിൽ കോട്ടയം ജില്ലയിലെ പൂഞ്ഞാർ തെക്കേക്കര, മേലുകാവ്, തീക്കോയി, കാഞ്ഞിരപ്പള്ളി താലൂക്കിലെ കൂട്ടിക്കൽ എന്നീ വില്ലേജുകളിലെ പ്രദേശങ്ങൾ പരിസ്ഥിതിലോല പ്രദേശമായി ഉൾപ്പെടുത്തിയതിനെതിരെയാണ് കൺവൻഷൻ സംഘടിപ്പിച്ചത്.
കേരള കർഷകസംഘം സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എം. ടി. ജോസഫ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോസഫ് ഫിലിപ്പ് അധ്യക്ഷത വഹിച്ചു. കർഷകരുടെ ഉപജീവനമാർഗങ്ങളും നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ജനവാസകേന്ദ്രങ്ങളും സംരക്ഷിക്കുന്ന തരത്തിൽ കരട് വിജ്ഞാപനം അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് കൺവൻഷൻ ആവശ്യപ്പെട്ടു.
കേരള കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. ഷാനവാസ്, ആർ. നരേന്ദ്രനാഥ്, ജോയി ജോർജ്, ഷഹീം അഹ്മദ്, ടി. എസ്. സിജു, സി. കെ. ഹരിഹരൻ, വി. സജിൻ, ജെസ്റ്റിൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham DistrictNews