ചങ്ങനാശേരി: വാഴപ്പള്ളി പഞ്ചായത്ത് 22-ാം വാര്‍ഡ് പറാല്‍ പാരിപ്പള്ളം പ്രദേശത്ത് ഒന്നരമാസമായി കുടിവെള്ളം ലഭിക്കുന്നില്ല. 15 കുടുംബങ്ങള്‍ ശുദ്ധജലം ലഭിക്കാതെ ദുരിതത്തില്‍. പറാല്‍ റോഡില്‍ താറമ്പ്രാല് ജംഗ്ഷനു വടക്കുഭാഗത്തുള്ള പാരിപ്പള്ളം പ്രദേശത്താണ് പൈപ്പ് വെള്ളം മുടങ്ങിയിട്ട് ഒന്നരമാസം പിന്നിട്ടത്.
പലഭാഗങ്ങളിലും റോഡ് കുഴിച്ചെങ്കിലും പൈപ്പിന്റെ ചോര്‍ച്ച കണ്ടെത്താന്‍ വാട്ടര്‍ അഥോറിറ്റിക്കു കഴിഞ്ഞിട്ടില്ല. വാട്ടര്‍ അഥോറിറ്റി ജോലിക്കാര്‍ റോഡ് കുഴിച്ച് പൈപ്പ് പരിശോധിച്ചപ്പോള്‍ പ്ലാസ്റ്റിക്കും മാലിന്യങ്ങളും കണ്ടെത്തിയതായും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
വീടുകളിലേക്ക് എത്താന്‍ നടപ്പാത മാത്രമാണുള്ളത്. അതിനാല്‍ വിലകൊടുത്ത് കുടിവെള്ളം വാങ്ങാമെന്നു കരുതിയാല്‍ വാഹനങ്ങളില്‍ വെള്ളം എത്തിക്കാന്‍ സാധ്യമല്ല. പാടശേഖരത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശമായതിനാല്‍ കിണറുകളിലെ വെള്ളം കുടിക്കാന്‍ യോഗ്യമല്ല. പൈപ്പിന്റെ അറ്റകുറ്റപ്പണികള്‍ നടത്തി ശുദ്ധജലം എത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags : nattu vishesham Drinking water available