സുമേഷ് ശിവൻ
രാജാക്കാട്: തമിഴ്നാട്ടിൽനിന്ന് വൻതോതിൽ നിരോധിത പുകയില ഉത്പന്നങ്ങൾ കടത്തി ഹൈറേഞ്ച് മേഖലയിൽ വിതരണം ചെയ്യുന്ന പ്രധാന മൊത്തവ്യാപാരി പോലീസ് പിടിയിൽ. രാജാക്കാട് പുതിയിടത്തു വീട്ടിൽ സുമേഷ് ശിവനാണ് മൂന്നാർ ഡാൻസാഫ് സംഘത്തിന്റെയും രാജാക്കാട് പോലീസിന്റെയും മിന്നൽ പരിശോധനയിൽ പിടിയിലായത്. ഇയാളിൽനിന്ന് 10 ലക്ഷത്തോളം രൂപ വിപണിമൂല്യം വരുന്ന 10 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെടുത്തു. നാലാം തവണയാണ് ഇയാൾ സമാന കേസിൽ പിടിയിലാകുന്നത്.
ജില്ലാ പോലീസ് മേധാവി ഡോ. നസീമിന്റെ നിർദേശപ്രകാരം ജില്ലയിൽ തുടരുന്ന ഓപ്പറേഷൻ തൂഫാൻ (നർക്കോ ഹണ്ട്) പരിശോധനയിലാണ് വൻ ലഹരിശേഖരം പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സുമേഷിന്റെ വീട്ടിൽ രാത്രിയും പുലർച്ചെയുമായി മൂന്നാർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ സബ് ഡിവിഷൻ ഡാൻസാഫ് സംഘവും രാജാക്കാട് പോലീസും ചേർന്ന് പരിശോധന നടത്തുകയായിരുന്നു.
വീട്ടിൽ ഒളിപ്പിച്ച നിലയിൽ 10 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന ആറായിരത്തോളം പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളാണ് പോലീസ് കണ്ടെടുത്തത്. ഹാൻസ്, കൂൾ ലിപ്പ്, ശംഭു, ഗണേഷ് തുടങ്ങിയ പുകയില ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്. തമിഴ്നാട്ടിൽനിന്നു തുച്ഛമായ വിലയ്ക്ക് എത്തിക്കുന്ന ഈ ഉത്പന്നങ്ങൾ രാജാക്കാട്, ശാന്തൻപാറ മേഖലകളിലെ ചെറുകിട കച്ചവടക്കാർക്ക് ഉയർന്ന വിലയ്ക്കാണ് ഇയാൾ നൽകിയിരുന്നത്.
ഇയാളുടെ സാമ്പത്തിക ഉറവിടങ്ങളെക്കുറിച്ചും ബാങ്ക് അക്കൗണ്ടുകളെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലഹരിക്കടത്തു സംഘങ്ങൾക്കെതിരേ വരുംദിവസങ്ങളിലും പരിശോധന കർശനമാക്കാനാണ് പോലീസിന്റെ തീരുമാനം.
Tags : Drug trafficking NattuVishasham DistrictNews