തിരുവനന്തപുരം: ഭൂമി തരംമാറ്റാനുള്ള അപേക്ഷയിൽ നടപടി വേഗത്തിലാക്കാൻ 5,000 രൂപ കൈക്കൂലി വാങ്ങിയ വില്ലേജ് അസിസ്റ്റന്റ് വിജിലൻസിന്റെ പിടിയിൽ. വള്ളക്കടവ് സ്വദേശിയുടെ ഭൂമി തരംമാറ്റാൻ കൈക്കൂലി വാങ്ങിയ തിരുവനന്തപുരം മുട്ടത്തറ വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റ് നെടുമങ്ങാട് നെട്ടറച്ചിറ സ്വദേശി എസ്. ഇസഡ്. അസറുദീനെ(37)യാണു വിജിലൻസ് സംഘം കൈക്കൂലി തുക സഹിതം പിടികൂടിയത്.
വള്ളക്കടവ് സ്വദേശിയായ പരാതിക്കാരന്റെയും ഭാര്യയുടെയും ഉടമസ്ഥതയിൽ മുട്ടത്തറ വില്ലേജിലുള്ള മൂന്നുസെന്റ് സ്ഥലത്തു വീട് നിർമിക്കാനായി നിലമായി രേഖപ്പെടുത്തിയിരുന്ന ഭൂമി തരംമാറ്റി ലഭിക്കണമായിരുന്നു. ഇതിനായി ഓണ്‍ ലൈനായി അപേക്ഷ നൽകി. അപേക്ഷയുടെ ഓണ്‍ലൈൻ സ്റ്റാറ്റസ് പരിശോധിച്ചതിൽ മുട്ടത്തറ വില്ലേജ് ഓഫീസിൽ പെൻഡിംഗിലാണെന്നു മനസിലാക്കിയതിനെ തുടർന്ന് പരാതിക്കാരൻ കഴിഞ്ഞ 25ന് വില്ലേജ് ഓഫീസിലെത്തി വില്ലേജ് അസിസ്റ്റന്റ് അസറുദീനെ കണ്ടിരുന്നു. എന്നാ ൽ മറ്റൊരു ദിവസം വരാൻ പറഞ്ഞ് ഇവരെ മടക്കി അടയ്ക്കുക യായിരുന്നു. 30നു വീണ്ടും വില്ലേജ് ഓഫീസിലെത്തിയ പരാതിക്കാരനൊപ്പം അസറുദ്ദീൻ സ്ഥലം സന്ദർശിക്കുകയും തരംമാറ്റത്തിനു കാലതാമസം ഉണ്ടാകുമെന്നും വേഗത്തിൽ നടക്കണമെങ്കിൽ 5,000 രൂപ കൈക്കൂലി നൽകണമെന്നും ആവശ്യപ്പെടുകയായിരുന്നു.
കൈകൂലി ആവശ്യപ്പെട്ട കാര്യം പരാതിക്കാരൻ ദക്ഷിണ മേഖല വിജിലൻസ് ഡപ്യൂട്ടി സൂപ്രണ്ടിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നിർദേശാനുസരണം വിജിലൻസ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു വരവേ ഇന്നലെ വൈകുന്നേരം മുട്ടത്തറ വില്ലേജ് ഓഫീസിൽവച്ച് പരാതിക്കാരനിൽനിന്നു കൈ ക്കൂലി വാങ്ങവേ അസറുദീനെ പിടികൂടുകയായിരുന്നു.