വിഴിഞ്ഞം: വർഷങ്ങളായി നിർത്തിവച്ചിരുന്ന ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിക്കുന്നു. ഏതു തരം കപ്പലുകളെയും വരവേൽക്കാനുള്ള തയാറെടുപ്പുമായി വിഴിഞ്ഞം മാരിടൈം ബോർഡിന്റെ തുറമുഖം.
പുറംകടലിൽ നിന്ന് കപ്പൽ ജീവനക്കാരെ ഇറക്കാനും കയറ്റാനും ചുമതലയുള്ള ധ്വനിയെന്ന ടഗ്ഗും റെഡിയായി. നാലു വർഷം മുന്പുവരെ നൂറുകണക്കിന് കപ്പലിലെ ആയിരക്കണക്കിന് വിദേശികളെയും സ്വദേശികളെയും കയറ്റിയിറക്കിയുള്ള പരിചയ സമ്പത്തുമായാണ് ധ്വനിയുടെ നിൽപ്.
കോവിഡ് കാലത്തെ രണ്ട് വർഷത്തിനുള്ളിൽ വിഴിഞ്ഞത്ത് എത്തിയ 750 കപ്പലുകളിൽനിന്ന് 12 കോടിയിൽപ്പരം രൂപ സർക്കാരിന്റെ ഖജനാവിലേക്കും ഒഴുകിയിരുന്നു.
ഇന്ത്യയിൽ മറ്റൊരു തുറമുഖത്തിനും അവകാശപ്പെടാൻ പറ്റാത്ത തരത്തിലുള്ള വമ്പൻ കുതിപ്പിനു നാന്ദി കുറിക്കാനും മഹാമാരിക്കാലത്ത് വിഴിഞ്ഞത്തിനായി. ക്രൂ ചേഞ്ചിംഗ് പു നഃരാരംഭി ക്കുന്നതു ബന്ധപ്പെട്ട സർക്കുലർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ഡയറക്ടർ ജനറൽ ഓഫ് മാരിടൈം അഡ്മിനിസ്ട്രേഷൻ പുറപ്പെടുവിച്ചു.
കോവിഡ് മഹാമാരിക്കാലത്ത് മറ്റു വരുമാനങ്ങൾ നിലച്ചപ്പോഴും കേരളത്തിന്റെ ഖജനാവിലേക്ക് കോടികൾ ഒഴുക്കിയ വിഴിഞ്ഞം തുറമുഖത്തിനും ഇനി മുതൽ ഉണർന്നിരിക്കാം. കൂടാതെ വൻകിട കപ്പലുകൾ കടലിൽ അണിനിരക്കുന്ന രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങൾ ഉള്ള അപൂർവ നേട്ടത്തിനും വിഴിഞ്ഞം സാക്ഷ്യം വഹിക്കും.
അന്താരാഷ്ട്ര തുറമുഖത്തിന് വേണ്ട കസ്റ്റംസ്, ഇമിഗ്രേഷൻ വിഭാഗവും ഐഎസ്പിഎസ്, ഐസിപി കോഡുകളും ഇരു തുറമുഖങ്ങൾക്കും ഉണ്ടെന്നതാണു വിഴിഞ്ഞത്തെ വ്യത്യസ്ഥമാക്കുന്നത്. ലോക രാജ്യങ്ങൾ ചുറ്റി പോകുന്ന വൻകിട ചരക്കു കപ്പലുകൾ അടുക്കുന്ന അന്താരാഷ്ട്ര തുറമുഖത്തിനു കഷ്ടിച്ച് അര കിലോമീറ്റർ മാറിയുള്ള കേരള മാരിടൈം ബോർഡിന്റെ തുറമുഖ അതിത്തിയിൽ ക്രൂ ചേഞ്ചിംഗിനായും ഇനി മുതൽ കപ്പലുകൾ നങ്കൂരമിടും.
വിഴിഞ്ഞത്തുനിന്നു കിഴക്കോട്ട് പൂവാർ വരെയാണ് അദാനി തുറമുഖത്തിന്റെ അതിർത്തിയെങ്കിൽ വിഴിഞ്ഞത്തുനിന്നു പടിഞ്ഞാറോട്ട് കോവളം വരെയാണു മാരിടൈം ബോർഡിന്റെ അതിർത്തി. ദൗത്യത്തിനായി അന്താരാഷ്ട്ര കപ്പൽ ചാനലും താണ്ടി എത്തുന്ന കപ്പലുകൾക്ക് നിശ്ചയിക്കപ്പെട്ട അതിർത്തികളിൽ നങ്കൂരമിടാം.
ലോകത്തിലെ കപ്പൽ ഏജന്റുമാരുടെ ഏറ്റവും പ്രിയപ്പെട്ട ഇടമായ വിഴിഞ്ഞത്തേക്ക് ക്രൂ ചേഞ്ചിംഗിനായി കപ്പൽ എത്തിക്കുന്നതിനുള്ള ഊർജിത ശ്രമവും സ്റ്റീമർ അസോസിയേഷൻ അധികൃതർ ആരംഭിച്ചതായാണറിവ്. കേരളത്തിൽ മറ്റൊരിടത്തുമില്ലാത്ത സമയലാഭവും സാമ്പത്തികലാഭവുമാണു വിഴിഞ്ഞത്തിന്റെ പ്രത്യേകത.
വിഴിഞ്ഞത്തിനുപരി കൊച്ചിയിൽ ഔട്ടർ ആങ്കറേജിൽ ക്രൂ ചേഞ്ചിംഗ് നടന്നിരുന്നെങ്കിലും തീരത്തുനിന്ന് ഏഴ് നോട്ടിക്കലിലധികം ഉൾക്കടലിലാണ് കപ്പലുകൾ നങ്കൂരമിട്ടിരുന്നത്. തീരത്തിനു ചേർന്നു കഷ്ടിച്ച് ഒരു നോട്ടിക്കൽ ഉൾക്കടലിൽ നങ്കൂരമിടാനും അന്താരാഷ്ട്ര കപ്പൽ ചാനലിൽനിന്നു 15 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്നു എന്നപ്രത്യേകതയാണ് വിഴിഞ്ഞം ലോക രാജ്യങ്ങൾക്കും പ്രിയങ്കരമായത്.
ലോകത്തിലെ ഏറ്റവും വലിയ കപ്പലുകളിൽ ഒന്നായ എവർഗ്രീനിന്റെ എവർഗ്ലോവ് ആദ്യമായി നങ്കൂരമിട്ടാണ് വിഴിഞ്ഞത്തിന്റെ മഹത്വം ലോകത്തെ അറിയിച്ചത്.അതിനുശേഷം ദിവസം പത്തുവരെ കൂറ്റൻ കപ്പലുകൾ ഇവിടെ വന്നു ഭൗത്യം പൂർത്തിയാക്കിമടങ്ങിയിരുന്ന കാലമുണ്ടായിരുന്നു. അധികം താമസിക്കാതെ ആ കാലം തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.