കാക്കനാട്: മദ്യപിച്ചും പുകവലിച്ചും വാഹനം ഓടിക്കുന്നവരെ പിടികൂടി 200 തവണ വരെ ഇനി മുതൽ ഇംപോസിഷൻ എഴുതിപ്പിക്കുമെന്ന് തൃക്കാക്കര എസിപിയുടെ മുന്നറിയിപ്പ്. പിഴ ഈടാക്കുന്നതിനു പകരം ഇംപോസിഷൻ എഴുതിച്ചാൽ ഡ്രൈവർമാർക്ക് മനംമാറ്റം ഉണ്ടാവും എന്നാണ് അസിസ്റ്റന്റ് കമ്മീഷണർ പറയുന്നത്.
തൃക്കാക്കര മുനിസിപ്പൽ ബസ് സ്റ്റാൻഡിനു സമീപത്തു നിന്നു മദ്യപിച്ച നിലയിൽ കണ്ടെത്തിയ ഏഴ് സ്വകാര്യ ബസ് ഡ്രൈവർമാർ എസി പി ഓഫീസിൽ ഇംപോസിഷൻ എഴുതിയത് രണ്ടു ദിവസം മുൻപാണ്.
ഞാനിനി മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യില്ല. മദ്യപാനവും ലഹരിമരുന്നുപയോഗവും തെറ്റാണ് എന്നെനിക്കറിയാം, ഗതാഗത നിയമലംഘനം നടത്തില്ല എന്നിങ്ങനെ വെള്ളക്കടലാസിൽ 200 തവണ വരെ ഇംപോസിഷൻ എഴുതിക്കാനാണ് എസിപിയുടെ നിർദേശം.