പാലാ അല്‍ഫോന്‍സാ കോളജ് ഇംഗ്ലീഷ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ദ്വിദിന ദേശീയ സെമിനാര്‍ സാമൂഹ്യപ്രവർത്തക ദയാബായി ഉദ്ഘാടനം ചെയ്യുന്നു.
പാലാ: വിദ്യാഭ്യാസം മനുഷ്യനിലെ ഏറ്റവും മഹത്തരമായ ഗുണങ്ങളെ പുറത്തുകൊണ്ടുവരുവാന് ഉതകുന്നതാവണമെന്ന് സാമൂഹ്യപ്രവർത്തക ദയാബായി. പാലാ അല്‍ഫോന്‍സാ കോളജ് ഇംഗ്ലീഷ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ദ്വിദിന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ.
അവകാശങ്ങളെ തിരിച്ചറിയാനും അവയ്ക്കുവേണ്ടി പോരാടാനും മനുഷ്യരെ പ്രാപ്തരാക്കുന്നത് ശരിയായ വിദ്യാഭ്യാസമാണ്. ഈ വിദ്യാഭ്യാസം കേവലം അറിവ് നേടല്‍ അല്ല,സമൂഹനിര്‍മിതിക്കുവേണ്ടി തന്നാലാവുംവിധം സംഭാവനകള്‍ നല്കുന്ന പൗരന്മാരെ വാര്‍ത്തെടുക്കുന്ന ഒരു പ്രക്രിയ കൂടിയാണെന്നും ദയാബായി പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ജീവിതത്തെ തുറന്നുകാണിക്കുന്ന ഏകാംഗ നാടകം ദയാബായി അവതരിപ്പിച്ചു.
പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. മിനിമോള്‍ മാത്യു അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍മാരായ ഡോ. സിസ്റ്റര്‍ മഞ്ജു എലിസബത്ത് കുരുവിള, മഞ്ജു ജോസ്, ബര്‍സാര്‍ ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍, ഡോ. സോണിയാ സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു. സെമിനാര്‍ ഇന്ന് സമാപിക്കും.
Tags : Dayabai nattuvishesham local news