ഹരിപ്പാട് : അറുപത്തഞ്ചുകാരനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആറാട്ടുപുഴ കിഴക്കേക്കര അഞ്ചാം വാർഡ് വലിയചിറ പടീറ്റതിൽ തങ്കച്ചനാണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം ആറോടെ മല്ലിക്കാട്ട് കടവിന് തെക്ക് വലിയതോടിന്റെ വശത്തെ കൽക്കെട്ടിനോട് ചേർന്ന് ഇയാൾ വീണുകിടക്കുന്നത് അതുവഴിപോയ കുട്ടികളാണ് കണ്ടത്. തുടർന്ന്, തങ്കച്ചനെ കണ്ടല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മുഖത്തുൾപ്പെടെ മുറിവേറ്റിട്ടുണ്ട്. തോട്ടിൽ അധികം വെളളമുണ്ടായിരുന്നില്ല. പോസ്റ്റുമോർട്ടത്തിനു ശേഷമേ വീഴ്ചയിലേറ്റ പരിക്കാണോ വെളളത്തിൽ മുങ്ങിയാണോ മരിച്ചതെന്ന കാര്യത്തിൽ വ്യക്തതയുണ്ടാകൂ.
ഭാര്യ: രമ. മക്കൾ: അനീഷ്, അനി. മരുമകൾ: സന്ധ്യ.