പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളില്‍ പെരുമാറ്റച്ചട്ട ലംഘനങ്ങളും തെരഞ്ഞെടുപ്പുചെലവുകളും നിരീക്ഷിക്കുന്നതിനായി ഫ്ളയിംഗ് സ്ക്വാഡുകള്‍ രൂപീകരിച്ച് ജില്ലാ കളക്ടറും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുമായ എം.എസ്. മാധവിക്കുട്ടി ഉത്തരവിറക്കി.
വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി പണം, മദ്യം, മറ്റ് പാരിതോഷികങ്ങള്‍ എന്നിവ വിതരണം ചെയ്യുന്നത് തടയുന്നതിനും ക്രമസമാധാന പാലനത്തിനുമായാണ് ഈ സ്ക്വാഡുകള്‍ പ്രവര്‍ത്തിക്കുക. ജില്ലയിലെ പന്ത്രണ്ട് നിയമസഭാ മണ്ഡലങ്ങളിലായി 42 സ്ക്വാഡുകളെ വിന്യസിച്ചിട്ടുണ്ട്.
മണ്ണാര്‍ക്കാട്, ചിറ്റൂര്‍ മണ്ഡലങ്ങളില്‍ ആറ് സ്ക്വാഡുകളെ വീതം വിന്യസിച്ചിട്ടുണ്ട്. തൃത്താല, പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, കോങ്ങാട്, മലമ്പുഴ, പാലക്കാട്, തരൂര്‍, നെന്മാറ, ആലത്തൂര്‍ എന്നീ മണ്ഡലങ്ങളില്‍ മൂന്ന് സ്ക്വാഡുകള്‍ വീതമാണ് പ്രവര്‍ത്തിക്കുന്നത്.
മണ്ഡലാടിസ്ഥാനത്തില്‍ പരിശോധന കര്‍ശനമാക്കാന്‍ സ്റ്റാറ്റിക് സര്‍വെയലന്‍സ് ടീമുകള്‍ രൂപീകരിച്ചും ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനങ്ങളും അനാവശ്യ ചെലവുകളും തടയുന്നതിനായാണ് സ്ക്വാഡുകള്‍ രൂപീകരിച്ചത്.
ജില്ലയിലെ 12 മണ്ഡലങ്ങളിലായി 38 ടീമുകളെയാണ് നിയോഗിച്ചിട്ടുള്ളത്. ചെലവ് നിരീക്ഷണ നോഡല്‍ ഓഫീസര്‍ ആയ ജില്ലാ ഫിനാന്‍സ് ഓഫീസര്‍ക്കായിരിക്കും ഈ സ്ക്വാഡുകളുടെ ജില്ലാതല ഏകോപന ചുമതല.
തെരഞ്ഞെടുപ്പ് കാലയളവില്‍ വോട്ടര്‍മാരെയോ മറ്റു വ്യക്തികളെയോ ഭീഷണിപ്പെടുത്തുകയോ ഭയപ്പെടുത്തുകയോ ചെയ്യുന്ന എല്ലാ നീക്കങ്ങളും തടയാന്‍ സ്ക്വാഡുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Tags : Election campaign nattuvishesham local news