കമ്യൂണിയോ - കാഞ്ഞിരപ്പള്ളി രൂപത സുവർണ ജൂബിലിയോടനുബന്ധിച്ചുള്ള സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും സംഗമത്തിന്റെ ഉദ്ഘാടനം വിജയപുരം ബിഷപ് ഡോ. സെബാസ്റ്റ്യൻ
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയിലെ സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും സുവർണ ജൂബിലി സംഗമം "കമ്യൂണിയോ' എരുമേലി അസംപ്ഷൻ ഫൊറോന പള്ളി ഹാളിൽ നടത്തി. വിജയപുരം ബിഷപ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. സമാധാനത്തിന്റെ മനോഭാവം കാത്തുസൂക്ഷിച്ച് സ്നേഹസംസ്കാരം കെട്ടിപ്പടുക്കുന്നതിന് നാമെല്ലാം വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് ബിഷപ് ഡോ. തെക്കത്തെച്ചേരിൽ പറഞ്ഞു. ദൈവമക്കളെന്ന നിലയിൽ തുല്യതയുള്ളവരെന്ന ബോധ്യത്തിൽ സ്വാതന്ത്ര്യത്തിന്റെ ശുശ്രൂഷ നിർവഹിക്കുന്ന ജ്വലിക്കുന്ന ദീപശിഖകളായി പ്രകാശം പരത്താൻ സംഘടനാംഗങ്ങൾക്ക് കടമയുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ അധ്യക്ഷത വഹിച്ചു. വൈവിധ്യമാർന്ന ശുശ്രൂഷകളിലൂടെ സഭാകൂട്ടായ്മയെ ശക്തിപ്പെടുത്തുന്ന സംഘടനകൾ ദൈവം നൽകിയ ദാനമാണെന്ന് മാർ ജോസ് പുളിക്കൽ പറഞ്ഞു. ഓരോ സംഘടനയുടെയും വ്യത്യസ്തമായ വരദാനങ്ങൾക്കനുസരിച്ച് പരസ്പരമുള്ള കൂട്ടായ്മയിൽ പൂർത്തിയാക്കുന്ന ഹൃദയപൂർവമായ ശുശ്രൂഷകൾ ദൈവസന്നിധിയിൽ വിലമതിക്കപ്പെടുന്നും മാർ ജോസ് പുളിക്കൽ കൂട്ടിച്ചേർത്തു.
കാഞ്ഞിരപ്പള്ളി രൂപതയുടെ സുവർണ ജൂബിലിയോടനുബന്ധിച്ച് എരുമേലി, റാന്നി, പത്തനംതിട്ട ഫൊറോനകളുടെ ആതിഥേയത്വത്തിൽ നടത്തപ്പെട്ട സമ്മേളനത്തിൽ സെന്റ് വിൻസന്റ് ഡി പോൾ സൊസൈറ്റി, പിതൃവേദി, കത്തോലിക്ക കോൺഗ്രസ്, ഡിസിഎംഎസ്, ഫ്രാൻസിസ്കൻ അല്മായ സഭ, ലീജിയൻ ഓഫ് മേരി, മദ്യവിരുദ്ധസമിതി, സാരഥി, അസോവ, ജീസസ് ഫ്രട്ടേണിറ്റി, കെഎൽഎം സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു. 1977ൽ സ്ഥാപിതമായ രൂപതയുടെ സുവർണ ജൂബിലിയോടനുബന്ധിച്ച് വിവിധ വിഭാഗങ്ങൾക്കായി നടത്തപ്പെടുന്ന സമ്മേളനങ്ങൾ വിവിധ ഫൊറോനകളുടെ ആതിഥേയത്വത്തിൽ വ്യത്യസ്ത പ്രദേശങ്ങളിലാണ് നടത്തപ്പെടുന്നത്.
പ്രഫ. ഡോ. പി.സി. അനിയൻകുഞ്ഞ് സംഘടനാ പ്രതിനിധികൾക്കുള്ള സെമിനാർ നയിച്ചു. എരുമേലി അസംപ്ഷൻ ഫൊറോന പള്ളി വികാരി ഫാ. ഡൊമിനിക് കാഞ്ഞിരത്തിനാൽ, കത്തോലിക്ക കോൺഗ്രസ് രൂപതാ ഡയറക്ടർ ഫാ. ജസ്റ്റിൻ മതിയത്ത് എന്നിവർ പ്രസംഗിച്ചു. ചെങ്ങളം സെന്റ് ആന്റണീസ് പിതൃവേദിയുടെ നേതൃത്വത്തിൽ ചിന്തോദ്ദീപകമായ ദൃശ്യാവിഷ്കാരം അവതരിപ്പിച്ചു.
സമ്മേളന ക്രമീകരണങ്ങൾക്ക് രൂപത വികാരി ജനറാൾമാരായ ഫാ. ഡോ. ജോസഫ് വെള്ളമറ്റം, ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, ഫാ.ഡോ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ, പത്തനംതിട്ട ഫൊറോന വികാരി ഫാ. സെബാസ്റ്റ്യൻ മാടപ്പള്ളിൽ, റാന്നി ഫൊറോന വികാരി ഫാ. തോമസ് മുണ്ടിയാനിക്കൽ, പാസ്റ്ററൽ ആനിമേഷൻ ഡയറക്ടർ ഫാ. സ്റ്റാൻലി പുള്ളോലിക്കൽ, വിവിധ കമ്മിറ്റികളുടെ ചുമതല നിർവഹിക്കുന്ന ഫാ. തോമസ് കുന്നത്തുപുരയിടം, ഫാ. ഏബ്രഹാം തൊമ്മിക്കാട്ടിൽ, ഫാ. ആന്റണി കോട്ടൂർ, ഫാ. ജോസഫ് ഇരുപ്പക്കാട്ട്, ഫാ. ഡെന്നിസ് പുതിയാപറമ്പിൽ, സജി തകടിയേൽ, ജോൺ ഒഴുകയിൽ, ജോൺ ആനകുത്തിക്കൽ, സുബിച്ചൻ മഞ്ഞാങ്കൽ, വിവിധ സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിൽ എരുമേലി ഇടവക, എരുമേലി ഫൊറോന എന്നിവിടങ്ങളിൽ നിന്നുള്ള വോളന്റിയർ ടീം തുടങ്ങിയവർ നേതൃത്വം നൽകി.
Tags :