പത്തനംതിട്ട: ഓണക്കാലത്ത് സ്പിരിറ്റ് കടത്ത്, അനധികൃത മദ്യനിർമാണം, അനധികൃത മദ്യവില്പന, വ്യാജവാറ്റ്, മയക്കുമരുന്ന് കടത്ത് എന്നിവ അമര്‍ച്ച ചെയ്യുന്നതിന് ഇന്ന് മുതല്‍ ഓഗസ്റ്റ് 31 വരെ എക്സൈസ് സ്പെഷല്‍ ഡ്രൈവ് നടത്തും.
ഓണം സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ ഓഫീസ് കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എക്സൈസ് കണ്ട്രോള് റൂം പ്രവര്‍ത്തിക്കും. രണ്ട് ഓഫീസുകള്‍ കേന്ദ്രമാക്കി രണ്ട് സ്ട്രൈക്കിംഗ് ഫോഴ്സ് യൂണിറ്റുകള്‍ പ്രത്യേകമായി രൂപീകരിച്ചിട്ടുണ്ട്. പരാതികളിലും രഹസ്യവിവരങ്ങളിലും അടിയന്തര നടപടി സ്വീകരിക്കും. സംശയാസ്പദമായ സാഹചര്യങ്ങളില്‍ അടിയന്തരമായി ഇടപെടുന്നതിന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ പ്രത്യേക ഇന്റലിജന്‍സ് ടീമിനെയും സജജമാക്കിയിട്ടുണ്ട്.
കള്ളുഷാപ്പുകള്‍ ഉള്‍പ്പടെ ലൈസന്‍സ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പ്രത്യേകം നിരീക്ഷിക്കും. പോലീസ്, മോട്ടോര്‍ വാഹനം, റവന്യു, ഫോറസ്റ്റ് തുടങ്ങിയ വകുപ്പുകളുമായി ചേര്‍ന്ന് സംയുക്ത പരിശോധന ഉണ്ടാകും. പുറമേ പോലീസ് ഡോഗ് സ്ക്വാഡും എക്സൈസും സംയുക്തമായി റെയില്‍വേ സ്റ്റേഷന്, പാഴ്സൽ, കൊറിയർ സര്‍വീസ് തുടങ്ങിയ കേന്ദ്രങ്ങളില്‍ പരിശോധന നടത്തും. ചിറ്റാര്‍, കോന്നി വനമേഖലകള്‍ കേന്ദ്രീകരിച്ച് വനംവകുപ്പിന്റെ സഹായത്തോടെ പ്രത്യേക റെയ്ഡുകള്‍ ഉണ്ടാകുമെന്നും ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ അറിയിച്ചു.
അബ്കാരി, എന്‍ഡിപിഎസ് കുറ്റക്യത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പരാതികളും അനധികൃത കടത്ത് സംബന്ധിച്ചും പൊതു ജനങ്ങള്‍ക്ക് ജില്ലാതല കണ്ട്രോള് റൂമിലും താലൂക്കുതല കണ്ട്രോള് റൂമിലും ഫോണ്‍ മുഖേന അറിയിക്കാം.
ജില്ലാ കണ്ട്രോള് റൂം -0468 2222873, ടോള്‍ ഫ്രീ നമ്പര്‍- 1055.
Tags : Nattuvishesham Districtnews