കൂരാച്ചുണ്ട് പഞ്ചായത്ത് ഓട്ടപ്പാലത്ത് വിളിച്ചുചേർത്ത കർഷകരുടെ യോഗത്തിൽ പെരുവണ്ണാമൂഴി റെയിഞ്ച് ഫോറസ്റ്റ് ഓഫിസർ കെ.വി. ബിജു പ്രസംഗിക്കുന്നു.
കൂരാച്ചുണ്ട്: പഞ്ചായത്ത് ഓട്ടപ്പാലം, മണ്ടോപ്പാറ പ്രദേശങ്ങളിൽ തുടർച്ചയായി അനുഭവപ്പെടുന്ന കാട്ടാന ശല്യത്തെ തുടർന്ന് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഓട്ടപ്പാലത്ത് കർഷകരുടെ യോഗം വിളിച്ചു ചേർത്തു. കാട്ടാനകളെ പ്രതിരോധിക്കാൻ സർക്കാർ അനുവദിച്ചിട്ടുള്ള സൗരതൂക്കുവേലി പദ്ധതി നടപ്പാക്കാൻ വൈകുന്നതിനെ തുടർന്ന് കർഷകരുടെ കൃഷി ഭൂമിയിലൂടെ തൂക്കുവേലി സ്ഥാപിക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ കർഷകരുമായി ആലോചിക്കാനായിരുന്നു യോഗം വിളിച്ചു ചേർത്തത്.
എന്നാൽ കൃഷിഭൂമിയിലൂടെ തൂക്കുവേലി സ്ഥാപിക്കുന്നതിന് ഭൂരിഭാഗം കർഷകരും എതിർപ്പ് പ്രകടിപ്പിച്ചു.
സർക്കാർ അനുവദിച്ച തൂക്കുവേലി തന്നെ സ്ഥാപിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു പദ്ധതി ഉടൻ നടപ്പിലാക്കുമെന്നും സാങ്കേതിക തടസങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ പരിഹരിക്കുമെന്ന് എംഎൽഎ വി.ടി. സൂരജ് ഫോൺ മുഖേന യോഗത്തിൽ അറിയിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ പറഞ്ഞു. തൂക്കുവേലി പദ്ധതി സർക്കാർ അനുവദിച്ച് മാസങ്ങൾ പിന്നിട്ടിട്ടും ജലസേചന വകുപ്പിന്റെ അനുമതി ലഭിച്ചിട്ടില്ല. ഇതുമൂലം ഓട്ടപ്പാലം, മണ്ടോപ്പാറ മേഖലയിലെ നിരവധി കർഷകരുടെ കാർഷിക വിളകളാണ് കാട്ടാനകൾ കൂട്ടമായിറങ്ങി നശിപ്പിച്ചത്.
യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം അരുൺ ജോസ്, പഞ്ചായത്ത് അംഗങ്ങളായ പ്രബീഷ് തളിയോത്ത്, വി.കെ. ഹസീന, ചെറിയാൻ ജോസഫ് അറയ്ക്കൽ, എന്.കെ. കുഞ്ഞമ്മദ്, പെരുവണ്ണാമൂഴി റെയിഞ്ച് ഫോറസ്റ്റ് ഓഫിസർ കെ.വി. ബിജു, കക്കയം ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫിസർ അനൂപ്, കൃഷി ഓഫിസർ പി.പി. രാജി കർഷകർ തുടങ്ങിയവർ പങ്കെടുത്തു.
Tags :