ആളുകൾക്ക് സഹായവുമായി എത്തിയ അബിൻ വർക്കി എംഎൽഎ.
കോഴഞ്ചേരി: ശനിയാഴ്ച പുലർച്ചെ മുതൽ പുതമൺ, അയിരൂർ, കോഴഞ്ചേരി, ആറന്മുള, ആറാട്ടുപുഴ മേഖലകളിലേക്ക് പന്പാനദി കരകവിഞ്ഞ് വെള്ളം എത്തിത്തുടങ്ങി. പുലർച്ചെ അഞ്ചോടെ
ആറന്മുള സത്രകടവിൽ ജല നിരപ്പ് ഉയർന്നു തുടങ്ങിയത്. ഏഴു കഴിഞ്ഞപ്പോഴേക്കും വെള്ളം കോഴഞ്ചേരി - മാവേലിക്കര റോഡിലേക്ക് കയറാൻ തുടങ്ങി. വൈകാതെ വാഹന ഗതാഗതം നിലച്ചു. കോഴിപ്പാലം, പൂവത്തൂർ, തോട്ടപ്പുഴശേരി, ആറാട്ടുപുഴ, ഐക്കാട് പാലം എന്നിവിടങ്ങളിലും പ്രധാന പാട ശേഖരങ്ങളിലും വെള്ളം കയറി. ആറന്മുള പുഞ്ചയിലേക്ക് പ്രളയ ജലം വളരെ വേഗമാണ് എത്തിയത്.
കോഴഞ്ചേരി ടൗണിലേക്കും വെള്ളം എത്തി. താഴ്ന്ന പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി. തോട്ടപ്പുഴശേരി, കോയിപ്രം, അയിരൂർ പഞ്ചായത്തുകളും പ്രളയക്കെടുതിയിലാണ്. കോഴഞ്ചേരി - റാന്നി, കോഴഞ്ചേരി - അയിരൂർ - റാന്നി, റാന്നി - തിരുവല്ല, കോഴഞ്ചേരി - മാവേലിക്കര,ആറന്മുള - പന്തളം, കോയിപ്രം - പൂവത്തൂർ, തെക്കേമല - ഇലവുംതിട്ട റോഡുകളിൽ വെള്ളം കയറി.
ടികെ റോഡിൽ മാരാമൺ, പുല്ലാട് ഭാഗങ്ങളിൽ വെള്ളം കയറിയതോടെ ഗതാഗതം മുടങ്ങി.
അബിൻ വർക്കി എംഎൽഎ രാവിലെ തന്നെ ആറന്മുളയിൽ ക്യാന്പ് ചെയ്തു രക്ഷാപ്രവർത്തനം നടത്തിവരികയാണ്. ഉച്ചകഴിഞ്ഞ് മന്ത്രി പി.സി. വിഷ്ണുനാഥും ആറന്മുളയിലെത്തി.
വള്ള സദ്യ നടന്നു; പള്ളിയോടങ്ങൾ സുരക്ഷിതം
അതി ശക്തമായ പ്രളയത്തിലും ആറന്മുള വള്ള സദ്യ മുടക്കമില്ലാതെ നടന്നു. ഇന്നലെ 11 വള്ള സദ്യകളാണ് ഉണ്ടായിരുന്നത്. എല്ലാ സദ്യകളും ആചാരപൂർവം നടത്താൻ കഴിഞ്ഞതായി പള്ളിയോട സേവാ സംഘം അറിയിച്ചു. നദിയിൽ ജല നിരപ്പ് അനിയന്ത്രിതമായി ഉയർന്നതിനാൽ പള്ളിയോടങ്ങൾ എത്തിയില്ല. എന്നാൽ പരമ്പരാഗത വേഷമണിഞ്ഞ് കരമാർഗം വഞ്ചിപ്പാട്ട് പാടി എത്തിയ ഓരോ കരകളിലേയും തുഴച്ചിൽകാരെ ആചാര പൂർവം സ്വീകരിച്ച് സദ്യ നടത്തി. കെഎസ്ആർടിസി യുടെ ഒമ്പത് ബസുകൾ ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി പയ്യന്നൂർ മുതൽ പാറശാല വരെയുള്ള തീർത്ഥാടകരുമായി എത്തി സദ്യ ആസ്വദിച്ച് മടങ്ങി.
വള്ള സദ്യ വഴിപാടുകളിൽ പങ്കെടുക്കാൻ ഇരുപതിൽ പരം പള്ളിയോടങ്ങൾ ആറന്മുള നെട്ടായത്തിൽ കെട്ടിയിട്ടിരിക്കുകയായിരുന്നു. ജലനിരപ്പ് ഉയർന്നതോടെ എല്ലാ പള്ളിയോടങ്ങളെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
പ്രളയത്തെ തുടർന്ന് ഇന്ന് മൂന്ന് വള്ള സദ്യകൾ മാത്രമെ നടക്കുകയുള്ളു എന്ന് പള്ളിയോട സേവാ സംഘം അറിയിച്ചു. പത്ത് വള്ള സദ്യകളായിരുന്നു നടക്കേണ്ടത്. എന്നാൽ ഏഴ് സദ്യകൾ പ്രളയം മൂലം മാറ്റിവച്ചു.