ജില്ലാതല ഭക്ഷ്യ ഉപദേശക സമിതി യോഗം.
തൊടുപുഴ: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ഭക്ഷ്യോത്പാദക - വിതരണ മേഖലയിലുള്ള സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 2,50,500 രൂപ പിഴ ഈടാക്കി. 2026 മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ ഭക്ഷ്യോത്പാദക , വിതരണ മേഖലയിലെ 618 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയിലാണ് വിവിധ നിയമലംഘനങ്ങളിലായി പിഴ ഈടാക്കിയത്. 195 സ്റ്റാറ്റ്യൂട്ടറി സാമ്പിളുകളും 304 സര്‍വയലന്‍സ് സാമ്പിളുകളും ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചു. സാമ്പിളുകളുടെ പരിശോധനകളില്‍ 13 എണ്ണം സുരക്ഷിതമല്ലെന്ന് കണ്ടെത്തി. ലഘുവായ ന്യൂനതകള്‍ കണ്ടെത്തിയ 149 സ്ഥാപനങ്ങള്‍ക്ക് ഇവ പരിഹരിക്കുന്നതിനായി നോട്ടീസ് നല്കി.
18 സ്ഥാപനങ്ങള്‍ക്ക് സേവനം മെച്ചപ്പെടുത്തുന്നതിനുള്ള നോട്ടീസും നല്കി. മൊബൈല്‍ ഫുഡ് ലാബില്‍ 1186 പരിശോധനകള്‍ നടത്തി. 91 പരാതികളില്‍ 90 എണ്ണം തീര്‍പ്പാക്കി. അഞ്ച് പ്രോസിക്യൂഷന് കേസുകള്‍ ഫയല്‍ ചെയ്തു.
തൊടുപുഴ സര്‍ക്കിളില്‍ ലേബല്‍ വിവരങ്ങളില്ലാത്ത വെളിച്ചെണ്ണ വില്‍പ്പന നടത്തിയതിന് ഉത്പാദകരായ തൃശൂര്‍ കോനൂസ് അഗ്രോ ഓയില്‍ മില്‍ എന്ന സ്ഥാപനത്തിന് 10,000 രൂപയും ചില്ലറവില്‍പ്പന നടത്തിയ കുമാരമംഗലം കൊച്ചേരിയില്‍ ഏജന്‍സീസിന് 5000 രൂപയും ഇടുക്കി ആര്‍ഡിഒ പിഴ ചുമത്തി. ഗുണനിലാരം കുറഞ്ഞ സിന്തറ്റിക് വിനാഗര് വില്‍പ്പന നടത്തിയതിന് ഉത്പാദകരായ പാലക്കാട് തേക്കുമാരി യുഎംഎസ് എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തിന് 5000 രൂപ പിഴ ചുമത്തി.
പീരുമേട് സര്‍ക്കിളില്‍ ഗുണനിലവാരം ഇല്ലാത്ത സിന്തറ്റിക് വിനഗര്‍ വില്‍പ്പന നടത്തിയതിന് ഉത്പാദകരായ മരോട്ടിക്കല്‍ ട്രേഡേഴ്സ്, കുഴിവേലിപ്പടി, ആലുവ എന്ന സ്ഥാപനത്തിന് 10,000 രൂപ പിഴ ചുമത്തി. ഗുണനിലവാരം ഇല്ലാത്ത പപ്പടം വില്‍പ്പന നടത്തിയതിന് ഉത്പാദകരായ അനകുമാര്‍ മാനുഫാക്ചറിംഗ് മധുര എന്ന സ്ഥാപനത്തിന് 15,000 രൂപയും ചില്ലറവില്‍പ്പന നടത്തിയ കുമളി അറഫ ട്രേഡിംഗ് കമ്പനിക്ക് 10,000 രൂപയും പിഴ ചുമത്തി.
ലേബല്‍ വിവരങ്ങള്‍ ഇല്ലാതെ കേക്ക് വില്‍പ്പന നടത്തിയതിന് വണ്ടിപ്പെരിയാര്‍ ലിറ്റില്‍ ട്രേഡ്സ് കേക്ക് ഷോപ്പിന് 2500 രൂപയും പിഴ ചുമത്തി.
ദേവികുളം സര്‍ക്കിളില്‍ ഭക്ഷ്യസുരക്ഷാ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ചതിനും മത്സ്യ അവശിഷ്ടം നിയമപ്രകാരം സംസ്കരിക്കാത്തതിനും അടിമാലി കളരിക്കല്‍ ഫിഷറീസിന് ദേവികുളം ആര്‍ഡിഒ 10,000 രൂപ പിഴ ചുമത്തി. ഉടുമ്പന്‍ചോല സര്‍ക്കിളില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ചതിന് പാമ്പാടുംപാറ കല്ലാര്‍ സ്വീറ്റ്സിന് 25,000 രൂപ പിഴ ചുമത്തി. രാജകുമാരി ക്വീന്‍സ് കാറ്ററിംഗ് സ്ഥാപനത്തിന് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ചതിനും പരിശോധനയില്‍ കണ്ടെത്തിയ മറ്റ് വീഴ്ചകള്‍ക്കും അഞ്ച് ലക്ഷം രൂപ പിഴ ചുമത്തി.
കൃത്രിമ കളര്‍ ചേര്‍ന്ന ചിപ്സ് ഉണ്ടാക്കി വില്‍പ്പന നടത്തിയ തൊടുപുഴ മഹാറാണി മെഗാമാര്‍ട്ട്, കൃത്രിമ കളര്‍ ചേര്‍ന്ന കേക്ക് വില്‍പ്പന നടത്തിയ മുതലക്കോടം എയ്ഞ്ചല്‍ ബേക്കറി, അധിക അളവില്‍ പ്രിസര്‍വേറ്റീവുകള്‍ ചേര്‍ത്ത് പ്ലം കേക്ക് തയാറാക്കി വില്‍പ്പന നടത്തിയ കാഞ്ഞിരമറ്റത്തെ ബേക്കറി ഉടമ എന്നിവർക്ക് മുട്ടം സിജെഎം കോടതി 10,000 രൂപ വീതം പിഴയും കോടതി പിരിയുന്നതുവരെ തടവും വിധിച്ചു.
ചിപ്സില്‍ കൃത്രിമ കളര്‍ ചേര്‍ത്ത് വില്‍പ്പന നടത്തിയ അടിമാലി സപൂണ്‍ ബേക്കറിക്ക് അടിമാലി ജെഎഫ്സിഎം കോടതി 25,000 രൂപ പിഴയും ടീ റസ്കില്‍ കൃത്രിമ കളര്‍ ചേര്‍ത്ത് വില്‍പ്പന നടത്തിയ മൂന്നാര്‍ ഡീന്‍ ബേക്കറിക്ക് 20,000 രൂപ പിഴയും ചിക്കന്‍ കറിയില്‍ കൃത്രിമ കളര്‍ ചേര്‍ത്ത് വില്‍പ്പന നടത്തിയ സഫയര്‍ ഹോട്ടല്‍ ആൻഡ് റെസ്റ്ററസ്റ്റ്, അടിമാലി എന്ന സ്ഥാപനത്തിന് 5,000 രൂപ പിഴയും ചിപ്സില്‍ കൃത്രിമ കളര്‍ ചേര്‍ത്ത് വില്‍പ്പന നടത്തിയ കേരള കാഷ്യൂ സ്പൈസസ് ചിപ്സ് ആൻഡ് ഹല്‍വ എന്ന സ്ഥാപനത്തിന് 25,000 രൂപ പിഴയും വിധിച്ചു.ഇവര്‍ക്കെല്ലാം കോടതി പിരിയുന്നതു വരെ തടവും വിധിച്ചു.
അമിതമായ അളവില്‍ കീടനാശിനി കലര്‍ന്ന വറ്റല്‍ മുളക് വില്‍പ്പന നടത്തിയ വണ്ടിപ്പെരിയാര്‍ ലിറ്റി സ്പൈസസിന് 50,000 രൂപ പിഴയും വിതരണക്കാരന് രാജ ദുരൈ വണ്ടിപ്പെരിയാര്‍ എന്നയാള്‍ക്ക് 25,000 രൂപ പിഴയും വിധിച്ചു.