മട്ടന്നൂർ: ഉത്സവവേളകളിലും മറ്റു ആഘോഷവേളകളിലും ഭക്ഷണം വിതരണം ചെയ്യുന്നതിന് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നഗരസഭയിൽ വിളിച്ചു ചേർത്ത ക്ഷേത്ര ഭാരവഹികൾ, കാറ്ററിംഗ് സർവീസുകാർ, ഹോട്ടൽ, കൂൾബാർ പ്രതിനിധികൾ പാചക വിദഗ്ധർ, ആശാ പ്രവർത്തകർ എന്നിവരുടെ യോഗത്തിൽ തീരുമാനമായി.
ക്ഷേത്രോത്സവത്തിന് ഭക്ഷണം കഴിച്ചതിനെ തുടർന്ന് കാരയിൽ ഒരാൾ മരണപ്പെടുകയും നിരവധി പേർക്ക് ഭക്ഷ്യവിഷബാധയുണ്ടാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഭക്ഷണ വിതരണം ചെയ്യുന്നത് കർശനമായ സുരക്ഷാ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ആയിരിക്കണമെന്ന് തീരുമാനിച്ചത്.
ആരോഗ്യവകുപ്പിന്റെ പരിശോധനയുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും ഇത്തരം ചടങ്ങുകളിൽ ഭക്ഷണ വിതരണം അനുവദിക്കുക. 50 ൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന എല്ലാ പരിപാടികളും നഗരസഭയിൽ നിർബന്ധമായും രജിസ്റ്റർ ചെയ്തിരിക്കണം.പാചക മേഖലയിൽ ജോലിചെയ്യുന്ന മുഴുവനാളുകൾക്കും ഹെൽത്ത് കാർഡ് നിർബന്ധമാക്കും.
ലൈസൻസുള്ള കാറ്ററിംഗ് സർവീസുകാരെ മാത്രമേ ആഘോഷവേളകളിൽ ഭക്ഷണ വിതരണത്തിന് ചുമതലപ്പെടുത്താവൂ. പരിപാടികൾ സംഘടിപ്പിക്കുന്നവർ 20 ദിവസം മുമ്പ് വെള്ളം പരിശോധിക്കുന്നതിന് ആരോഗ്യ വകുപ്പ് അധികൃതർക്ക് അപേക്ഷ നൽകണം. ഹോട്ടലുകളും കൂൾബാറുകളും നിശ്ചിത ഇടവേളകളിൽ വെള്ളത്തിന്റെ പരിശോധന നടത്തിയിരിക്കണം.
എല്ലാ വാർഡുകളിലും ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേക യോഗങ്ങൾ ചേരാനും ആരോഗ്യ വകുപ്പ് അധികൃതരുടെ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കാനും തീരുമാനിച്ചു. ഭക്ഷ്യവിഷബാധയേറ്റവരുടെ വീടുകളിൽ ആശമാരുടെ നേതൃത്വത്തിൽ ബോധവൽകരണം നടത്തും. നഗരസഭാ ചെയർമാൻ എൻ. ഷാജിത്തിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ നഗരസഭാ സെക്രട്ടറി പി. അനീഷ്, ആരോഗ്യവകുപ്പ് മേധാവികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Food safety nattuvishesham local news