വനംവകുപ്പ് ഉദ്യോഗസ്ഥർ മരുതയൂരിൽ സന്ദർശിക്കുന്നു.
പാവറട്ടി: മരുതയൂർ മേഖലയിൽ കുറുനരിയുടെയും തെരുവുനായ്ക്കളുടെയും ആക്രമണത്തെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.
പട്ടിക്കാട് റേഞ്ച് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ വൈ.എം. സുധീറും ഡിഎഫ്ഒ കെ.ആർ. ഷിജിയും ഉൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്. പ്രദേശത്തെ സാഹചര്യം നേരിൽ വിലയിരുത്തിയ ഉദ്യോഗസ്ഥർ, വന്യജീവി സംരക്ഷണനിയമപ്രകാരം പ്രത്യേക സംരക്ഷണമുള്ള മൃഗമാണെന്നും അതിനാൽ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതിയും നിർദേശവും ലഭിച്ചാൽ മാത്രമേ പിടികൂടൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ കഴിയുകയുള്ളൂവെന്നും വ്യക്തമാക്കി. കുറുനരിയുടെ സാന്നിധ്യം കണ്ടെത്തിയതായി സംശയിക്കുന്ന പൊന്തക്കാടുകളും കുറ്റിക്കാടുകളും ഉൾപ്പെടെയുള്ള സ്ഥലങ്ങൾ വൃത്തിയാക്കാൻ നിർദേശം നൽകി.
നിലവിൽ സ്വകാര്യ വ്യക്തികളുടെ പറമ്പുകൾ വൃത്തിയാക്കുന്നതിനുള്ള നടപടികൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുഖേനയാണ് നടപ്പാക്കാൻ കഴിയുകയെന്നും ഇതുസംബന്ധിച്ച് പഞ്ചായത്തിന് ആവശ്യമായ നിർദേശംനൽകിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും കുറുനരിയെ കണ്ടാൽ പ്രകോപിപ്പിക്കാതെ ഉടൻ വനംവകുപ്പിനെയോ, പഞ്ചായത്തിനെയോ വിവരമറിയിക്കണമെന്നും അഭ്യർഥിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ആന്റോ ലിജോ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ടി. ഉമ്മർ സലീം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.ജെ. വർഗീസ് എന്നിവരും ഉദ്യോഗസ്ഥരോടൊപ്പമുണ്ടായിരുന്നു.
Tags : Nattuvishesham District news