പേപ്പാറ വയലിപ്പുല്ലിൽ കാട്ടാനക്കൂട്ടം തകർത്ത ഷീറ്റടിപ്പുരയും കുത്തി മറിച്ച തെങ്ങും
വിതുര: മലയോര മേഖലയിൽ വീണ്ടും കാട്ടാന ശല്യം. പേപ്പാറ വയലിപ്പുല്ലിൽ കഴിഞ്ഞ ദിവസം ഇറങ്ങിയ ആനക്കൂട്ടം ഷീറ്റടിപ്പുര തകർത്തു. സമീപത്തു നിന്ന തെങ്ങുകൾ കുത്തി മറിച്ചു. ഉന്നതിയിലെ കർഷകർക്കായി ഐ.സി.ഡി.എസ് സ്ഥാപിച്ച പൊതു ഷീറ്റടിപ്പുരയാണ് ആനകൾ തകർത്തത്. സമീപത്തും പരിസരത്തെ കൃഷിയിടങ്ങളിലും നിന്ന തെങ്ങുകളാണ് കുത്തി മറിച്ചത്.
ആനയുടെ ഉപദ്രവം പതിവായതോടെ ആദിവാസി മേഖലയിലുള്ളവർ പരിഭ്രാന്തിയിലാണ്. ബൈക്കിൽ യാത്ര ചെയ്ത കല്ലാർ മൊട്ടമൂട് സ്വദേശി മഹേഷിനെയും മകൾ അനന്യയേയും കാട്ടാന ആക്രമിച്ചത് രണ്ടാഴ്ച മുമ്പാണ്. ആനയുടെ മുന്നിൽ നിന്ന് അദ്ഭുതകരമായാണ് അന്ന് ഇവർ രക്ഷപ്പെട്ടത്. ആനശല്യം രൂക്ഷമാകുമ്പോഴും മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാൻ അധികൃതർ തയ്യാറാകാത്തതിൽ പരാതിയുയരുന്നു.