ബിനോയി ഡൈമാർ സനാതൻ സർക്കാർ
മാന്നാർ: ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ചെങ്ങന്നൂർ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കഞ്ചാവുമായി രണ്ട് ഇതരസംസ്ഥാനക്കാർ അറസ്റ്റിലായി. മീൻ വില്പനയുടെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിവന്ന ആസാം സ്വദേശിയെ മാന്നാർ കുട്ടംപേരൂരിൽനിന്നും ബംഗാളി സ്വദേശിയെ എണ്ണക്കാട്ടുനിന്നുമാണ് പിടികൂടിയത്.
മാന്നാർ-മാവേലിക്കര റോഡിൽ കുട്ടംപേരൂർ ഭാഗത്ത് മീൻകച്ചവടം നടത്തിവന്നിരുന്ന ആസാം ടെസ്പൂർ, ശിരുവാണി, ദേകൃജൂലിയിൽ ബിനോയി ഡൈമാറാണ് (34) ആണ് പിടിയിലായത്. രണ്ടു കിലോയോളം കഞ്ചാവ് ഇയാളുടെ പക്കൽ നിന്നും പിടികൂടി. മീൻ കച്ചവടത്തിനൊപ്പം കഞ്ചാവും വിൽക്കുന്നതിനിടെയാണ് ഇയാൾ എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
ഇയാളുടെ മത്സ്യവില്പന കേന്ദ്രത്തിലേക്ക് നിരവധി യുവാക്കൾ രാത്രിയിൽ വന്നുപോകാറുണ്ടായിരുന്നു. പ്രദേശവാസികൾക്ക് സംശയം തോന്നി പരാതി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ചെങ്ങന്നൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ റ്റി. രാജീവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കഞ്ചാവുമായി പിടികൂടിയത്. ബുധനൂർ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് എണ്ണക്കാട്ടുനിന്നും ഒന്നര കിലോയോളം കഞ്ചാവുമായി ബംഗാൾ സ്വദേശിയെ അറസ്റ്റ് ചെയ്തത്. ഹരിരാംപൂർ സനാതൻ സർക്കാർ (26) ആണ് പിടിയിലായത്. ഇയാൾ കച്ചവടത്തിനായി സൂക്ഷിച്ചിരുന്ന കഞ്ചാവാണ് റെയ്ഡിൽ പിടികൂടിയത്.
റേഞ്ച് ഇൻസ്പെക്ടർ വി. സജീവിനെ കൂടാതെ എക്സൈസ് ഇൻസ്പെക്ടർ ജോഷി ജോൺ, അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ബാബു ഡാനിയ, അസി. എക്സൈസ് ഇൻസ്പെക്ടർ ആർ. ബിജുപ്രകാശ് , സിവിൽ എക്സൈസ് ഓഫീസർമാരായ ജി. പ്രവീൺ, താജുദീൻ, ആർ. ശ്രീരാജ്, വിഷ്ണു വിജയൻ വനിതാ സിവിൽ എക്സൈസ് ഓഫീസർ വിജയലക്ഷ്മി, സിവിൽ എക്സൈസ് ഓഫീസർ സന്ദീപ് കുമാർ എന്നിവർ പങ്കെടുത്തു.