എരുമേലി: പാചകവാതകക്ഷാമം രൂക്ഷമായതോടെ ഹോട്ടലുകളുടെ പ്രവർത്തനം പ്രതിസന്ധിയിലായി.
ഇരട്ടി വില നൽകിയാണ് സിലിണ്ടറുകൾ വാങ്ങുന്നതെന്നാണ് ഹോട്ടലുടമകൾ പറയുന്നത്. ഇതോടെ അവർ വിഭവങ്ങളുടെ വില വർധിപ്പിച്ചു. അപ്രതീക്ഷതമായി വിലവർധനവ് ഉണ്ടായത് ഉപഭോക്താക്കൾ ചോദ്യം ചെയ്തതോടെ പലയിടത്തും തർക്കങ്ങളും സൃഷ്ടിച്ചു.
കാപ്പി, ചായ, ചെറുകടികൾ എന്നിവയ്ക്കെല്ലാം ഹോട്ടലുകൾ വില വർധിപ്പിച്ചുവെന്നാണ് ആക്ഷേപം. ചിലയിടത്ത് പല ദിവസങ്ങളിലും വ്യത്യസ്ത വില ഈടാക്കുന്നുവെന്നും പരാതികളുണ്ട്. അതേസമയം വാണിജ്യ സിലിണ്ടറുകൾ കരിഞ്ചന്തയിൽ ഇരട്ടി വില നൽകിയാണ് വാങ്ങുന്നതെന്നും പിന്നെ എങ്ങനെ വില വർധിപ്പിക്കാതിരിക്കുമെന്നും ഹോട്ടലുടമകൾ ചോദിക്കുന്നു.
വാണിജ്യ സിലിണ്ടറുകൾക്ക്
ഇരട്ടി വില?
1,457 രൂപയായിരുന്ന 17 കിലോ സിലിണ്ടറിന് ഇപ്പോൾ 3,300 രൂപ വരെ വാങ്ങുന്നുവെന്നാണ് ഹോട്ടലുകാരുടെ പരാതി. അതായത് വില ഇരട്ടിയിൽ കൂടുതൽ. 2,822 രൂപ ഉണ്ടായിരുന്ന 31 കിലോയുടെ ഗ്യാസ് സിലിണ്ടറിന്റെ ഇപ്പോഴത്തെ വില 6,400 രൂപയാണ്. നഷ്ടം സഹിച്ചാണ് പല ഹോട്ടലുകളും പ്രവർത്തിക്കുന്നതെന്നാണ് ഹോട്ടലുടമകളുടെ വാദം.
പൊറോട്ട വില 15 ആയി
ചെലവ് വർധിച്ചതോടെ ജനപ്രിയ ഐറ്റമായ പൊറോട്ട വില 15ലേക്ക് കുതിച്ചുകയറിയതാണ് ഉപഭോക്താക്കൾക്ക് തിരിച്ചടിയായത്. ചായ, കാപ്പി, ചെറുകടികൾ എന്നിവയ്ക്കും ആനുപാതികമായി വില വർധിപ്പിച്ചിട്ടുണ്ട്. പാചകവാതകക്ഷാമം ഈ നിലയ്ക്ക് തുടർന്നാൽ പല ഹോട്ടലുകൾക്കും താഴിടേണ്ടിവരുമെന്ന് ഹോട്ടലുടമകൾ മുന്നറിയിപ്പു നൽകുന്നു.
വിറക് വിലയും വർധിച്ചു
പാചകവാതകക്ഷാമം രൂക്ഷമായതോടെ വിറക് വിലയിലും വർധനയുണ്ടായി. പല ഹോട്ടലുകളും വിറകടുപ്പിലേക്ക് മാറിയതോടെയാണ് വില ഉയർന്നത്. ഉയർന്ന വില നൽകിയാലും വിറക് കിട്ടാനില്ലെന്നും വ്യാപാരികൾ പറയുന്നു.
കരിഞ്ചന്തയിൽ തോന്നുപോലെ വില വാങ്ങി വാണിജ്യ സിലിണ്ടറുകൾ നൽകുന്നതിനെതിരേ കർശന നടപടിയുണ്ടായാൽ ഈ പ്രശ്നത്തിന് ഒരുപരിധിവരെ പരിഹാരമാകുമെന്നും അധികാരികൾ കണ്ണുതുറക്കണമെന്നും ഹോട്ടലുടമകൾ ആവശ്യപ്പെട്ടു.
Tags : Gas shortage nattuvishesham local news