ചെറുതോണി: അടിമാലി മേഖലയിൽ പാചകവാതകക്ഷാമം രൂക്ഷമാകുന്നു. രണ്ടര മാസമായി തുടരുന്ന പ്രതിസന്ധിയിൽ ജനങ്ങൾ പൊറുതിമുട്ടുമ്പോഴും അധികൃതർ മൗനം പാലിക്കുകയാണെന്ന ആക്ഷേപം ശക്തമാകുകയാണ്. ബുക്കിംഗ് നടത്തിയാലും സിലണ്ടർ ലഭിക്കാത്ത അവസസ്ഥയാണ്. വിഷയത്തിൽ ജില്ലാ കളക്ടർ ഇടപെട്ടതോടെ അടിമാലി ബ്ലോക്ക് പഞ്ചായത്ത് നടത്താനിരുന്ന സമരപരിപാടികൾ താത്കാലികമായി മാറ്റിവച്ചു.
അടിമാലി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പഞ്ചായത്തുകളിലും ഉടുമ്പൻചോല താലൂക്കിന്റെ വിവിധ ഭാഗങ്ങളിലും ഗ്യാസ് വിതരണം പൂർണമായും നിലച്ച അവസ്ഥയിലാണ്. അടിമാലി, പള്ളിവാസൽ, ബൈസൺവാലി, കൊന്നത്തടി, മാങ്കുളം, ഉടുമ്പൻചോല തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. 40 കിലോമീറ്റർ ദൂരത്തുനിന്നു വരെ ടാക്സി വിളിച്ച് അടിമാലിയിലെ പാചകവാതക വിതരണ കേന്ദ്രത്തിൽ എത്തുന്നുണ്ട് ഉപയോക്താക്കൾ. രാവിലെ മുതൽ വൈകുന്നേരം വരെ ഗ്യാസ് ഏജൻസികൾക്ക് മുൻപിൽ കാത്തുനിന്നാലും പലർക്കും സിലണ്ടർ ലഭിക്കാറില്ലെന്നാണ് പരാതി.
കല്ലാർ, കുരിശുപാറ തുടങ്ങിയ ഇടങ്ങളിൽ നെറ്റ്വർക്ക് പ്രശ്നം മൂലം ഒടിപി ലഭിക്കാത്തതും വിതരണക്കാരും ഉപയോക്താക്കളും തമ്മിലുള്ള തർക്കത്തിന് കാരണമാകുന്നു. പ്രശ്നത്തിൽ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ, അടിമാലി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലാ കളക്ടറെ കണ്ടു പരാതി നൽകിയിരുന്നു. ഡിസിസി പ്രസിഡന്റ് സി.പി. മാത്യുവിന്റെ നേതൃത്വത്തിലാണ് പ്രതിനിധി സംഘം കളക്ടറെകണ്ടത്. പ്രശ്നത്തിന്റെ ഗൗരവം ജില്ലാ കളക്ടറെ ബോധ്യപ്പെടുത്തിയെന്നും രണ്ടു ദിവസത്തിനകം ശാശ്വതമായ പരിഹാരം കണ്ടെത്താമെന്ന് കളക്ടർ ഉറപ്പ് നൽകിയതായും ജനപ്രതിനിധികൾ അറിയിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ബിജു, അംഗങ്ങളായ മാക്സിൻ ആന്റണി, തുളസി ഭായി, അൻസാരി ബാബു കൊന്നക്കൽ, ഉഷാ രാമകൃഷ്ണൻ, അമ്പിളി സലീലൻ, ഷേർളി ജോർജ്, ഷീബ കോശി എന്നിവരാണ് കളക്ടറെകണ്ട് പരാതി നൽകിയത്.
Tags : Gas shortage nattuvishesham local news