ധര്ണ എസ്എച്ച്ആര്പിസി ജില്ലാ രക്ഷാധികാരി അഡ്വ. വി.പി. എല്ദോ ഉദ്ഘാടനം ചെയ്യുന്നു.
കല്പ്പറ്റ: സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രവുമായി(എസ്എച്ച്ആര്പിസി) സഹകരിച്ച് പ്രവര്ത്തിക്കുന്ന വയനാട് മെഡിക്കല് കോളജ് ജനകീയ ആക്ഷന് കൗണ്സിലിന്റെ നേതൃത്വത്തില് പ്രിയങ്ക ഗാന്ധി എംപിയുടെ കൈനാട്ടി ഓഫിസിലേക്ക് മാര്ച്ചും തുടര്ന്ന് ധര്ണയും നടത്തി.
മെഡിക്കല് കോളജ് മടക്കിമലയ്ക്ക് സമീപം സൗജന്യമായി ലഭിക്കുന്ന ഭൂമിയില് സ്ഥാപിക്കണമെന്ന ആവശ്യത്തില് എംപി നിലപാട് വ്യക്തമാക്കാത്തതില് പ്രതിഷേധിച്ചായിരുന്നു സമരം. ഹെഡ് പോസ്റ്റ് ഓഫിസ് പരിസരത്ത് ആരംഭിച്ച മാര്ച്ചില് നിരവധി പേര് പങ്കെടുത്തു. എംപി ഓഫിസ് പടിക്കല് ധര്ണ എസ്എച്ച്ആര്പിസി ജില്ലാ ഘടകം രക്ഷാധികാരി അഡ്വ. വി.പി. എല്ദോ ഉദ്ഘാടനം ചെയ്തു. മെഡിക്കല് കോളജ് വിഷയത്തില് യുഡിഎഫ് ജില്ലാ നേതൃത്വത്തിന് വ്യക്തമായ നയം ഇല്ലാത്തതാണ് ജനപ്രതിനിധികള്ക്ക് നിലപാട് അറിയിക്കുന്നതില് പ്രധാന തടസമെന്ന് അദ്ദേഹം പറഞ്ഞു. മടക്കിമലയില് നിര്മിക്കാന് തീരുമാനിച്ചതും മുന് മുഖ്യമന്ത്രി ഉമ്മന് ചാണ്ടി തറക്കല്ലിട്ടതുമായ മെഡിക്കല് കോളജ് പദ്ധതി ഒന്നാം പിണറായി സര്ക്കാരിന്റെ കാലത്ത് ഇല്ലാത്ത പാരിസ്ഥിതിക പ്രശ്നങ്ങള് പറഞ്ഞ് അട്ടിമറിച്ചു. മാനന്തവാടി ജില്ലാ ആശുപത്രി താത്കാലികമായി മെഡിക്കല് കോളജായി ഉയര്ത്തി. ഇത് എന്തിനാണെന്ന് ഉത്തരവാദിത്തപ്പെട്ടവര് പരിശോധിക്കണം.
യുഡിഎഫ് സര്ക്കാര് അധികാരത്തിലേറി നാല് മാസം കഴിഞ്ഞിട്ടും മെഡിക്കല് കോളജിന് സ്ഥിരനിര്മാണം മടക്കിമലയില് നടത്തണമെന്ന ആവശ്യത്തോട് ജില്ലയില്നിന്നുള്ള മന്ത്രിയും എംപിയും ബത്തേരി എംഎല്എയും പ്രതികരിക്കുന്നില്ല. ആക്ഷന് കൗണ്സില് നല്കിയ നാല് നിവേദനങ്ങള്ക്ക് മറുപടി നല്കാനുള്ള മര്യാദപോലും എംപി കാണിച്ചില്ല. അടുത്ത ഘട്ടത്തില് ബത്തേരി എംഎല്എയുടെ ഓഫിസിലേക്ക് മാര്ച്ച് സംഘടിപ്പിക്കുമെന്നും അഡ്വ. എല്ദോ പറഞ്ഞു. എസ്എച്ച്ആര്പിസി ജില്ലാ പ്രസിഡന്റ് കെ.എന്. പ്രേമലത അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി. ഗോകുല്ദാസ്, ചെയര്മാന് ഡോ. എം. ബാലകൃഷ്ണന്, വിവരാവകാശ പ്രവര്ത്തകന് എന്. യാസിന് ഒമര്, കെ.കെ.എസ്. നായര്, ജോണി പാറ്റാനി, കെ.വി. പ്രകാശ്, കെ.എന്. ശ്രീധരന്, അഡ്വ. ഷീബ മാത്യു, ഉസ്മാന് ചാത്തന്ചിറ, വര്ഗീസ് വട്ടേക്കാട്ട്, അബ്ദുള് റഹ്മാന് പാറന്നിയത്ത്, സാം പി. മാത്യു, വിജയന് പനമരം, വി.കെ. ബിനു, ബിജു പുളക്കര, മോഹന് തൊട്ടില്പാലം, പി.പി. വാസുദേവന് മടക്കിമല എന്നിവര് പ്രസംഗിച്ചു.