പന്തളം: ശബരിമല, മാളികപ്പുറം മേല്ശാന്തിമാരെ നറുക്കിട്ടെടുക്കുന്നതിനായി പന്തളം കൊട്ടാരത്തില് നിന്നുള്ള ദേവനന്ദന് അര്ജുനും അനശ്വര എം. രഞ്ജിത്തും നാളെ ശബരിമലയിലേക്ക് തിരിക്കും. പന്തളംകൊട്ടാരം വലിയതമ്പുരാന് തിരുവോണം നാള് രാമവര്മ രാജയും കൊട്ടാരം നിര്വാഹകസംഘം ഭാരവാഹികളും ചേര്ന്നാണ് ശബരിമല നറുക്കെടുപ്പിനുള്ള കുട്ടികളെ തെരഞ്ഞെടുത്തത്. 2011ലെ സുപ്രീംകോടതിയുടെ ഉത്തരവുപ്രകാരമാണ് പന്തളം കൊട്ടാരം വലിയതമ്പുരാന് നിര്ദ്ദേശിക്കുന്ന കുട്ടികളെ നറുക്കെടുപ്പിനായി അയച്ചു തുടങ്ങിയത്. ശബരിമലയിലും മാളികപ്പുറത്തും അടുത്ത ഒരു വര്ഷം മേല്ശാന്തിമാരായി ചുമതല വഹിക്കേണ്ടവരെയാണ് 18നു രാവിലെ ശബരിമല സന്നിധാനത്ത് നറുക്കിട്ടെടുക്കുന്നത്. ശബരിമലയിലെ മേല്ശാന്തിയെ ദേവനന്ദനും മാളികപ്പുറം മേല്ശാന്തിയെ അനശ്വരയും
നറുക്കിട്ടെടുക്കും.ഹൈക്കോടതി നിര്ദേശപ്രകാരം പന്തളം കൊട്ടാരം നിര്ദേശിക്കുന്ന കുട്ടികളെക്കൊണ്ട് നറുക്ക് എടുപ്പിക്കുന്നത്.
പന്തളം നാലുകെട്ട് കൊട്ടാരത്തിലെ വി. അര്ജുന്റെയും കോട്ടയം കാരാപ്പുഴ ഇളയകോവിലകത്ത് ശര്മദ ആർ. വര്മയുടെയും മകനാണ് ദേവനന്ദന് അര്ജുൻ. തൃപ്പൂണിത്തുറ എസ്എന്വിപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്ഥിയാണ്. തൃപ്പൂണിത്തുറ ലക്ഷ്മി വിലാസം പാലസ് നമ്പര് 46ല് രഞ്ജിത്ത് രാജന്റെയും പന്തളം ശ്രാമ്പിക്കല് കോട്ടാരത്തില് മുന് രാജപ്രതിനിധി പരേതനായ ആർ. കേരള വര്മ രാജയുടെ മകള് മൈഥിലിരാജയുടെയും മകളാണ് അനശ്വര എം. രഞ്ജിത്ത്. ഭവന്സ് വിദ്യാമന്ദിറില് നാലാം ക്ലാസ് വിദ്യാര്ഥിയാണ്. നാളെ ഉച്ചയോടെ തിരുവാഭരണ മാളികയിക്കു മുമ്പില് കെട്ടുനിറച്ച് കൊട്ടാരം നിര്വാഹകസംഘം ഭാരവാഹികള്ക്കും രക്ഷിതാക്കള്ക്കുമൊപ്പം ഇവര് ശബരിമലയിലേക്ക് തിരിക്കും.
Tags : Sabarimala NattuVishesham DistrictNews