മൂവാറ്റുപുഴ അന്താരാഷ്ട്ര പുസ്തകോത്സവ ബ്രൗഷര് പ്രകാശനം
മൂവാറ്റുപുഴ: മൂവാറ്റുപുഴ മേള ഓഡിറ്റോറിയത്തില് നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ നടത്തിപ്പിനായുള്ള സംഘാടക സമിതി യോഗം ചേര്ന്നു. അടുത്ത മാസം 27 മുതല് ഡിസംബര് ഒന്ന് വരെയാണ് പുസ്തകോത്സവം.
വിനായക ഓഡിറ്റോറിയത്തില് നടന്ന യോഗത്തില് മേള മുന് പ്രസിഡന്റും ചരിത്രകാരനുമായ മോഹന്ദാസ് സൂര്യനാരായണന് പുസ്തകോത്സവ ബ്രോഷര് പ്രകാശനം ചെയ്തു. സ്വാഗത സംഘം ചെയര്മാന് ഡോ. ഡോണ് ബോസ്കോ ജോസഫ് അധ്യക്ഷത വഹിച്ചു. ജനറല് സെക്രട്ടറി പായിപ്ര ദമനന്, പ്രോഗ്രാം കണ്വീനര് സിജു വളവി, പ്രഫ. ഇ.വി. നാരായണന്, ജയകുമാര് വാഴപ്പിള്ളി, ദാസ് മേതല, രമേശ് കാവന, മുരളീധരന് അകത്തൂട്ട്, കെ.കെ. മനോജ് തുടങ്ങിയവര് പ്രസംഗിച്ചു.
പുസ്തകോത്സവത്തില് പ്രഫ. എം.പി. മന്മഥന്, ഡി. ശ്രീമാന് നമ്പൂതിരി സ്മാരക പുരസ്കാരങ്ങള് വിതരണം ചെയ്യും. സാഹിത്യകാരന് പെരുമ്പടവം ശ്രീധരന് മൂവാറ്റുപുഴയുടെ നവതി ആദരവ് അര്പ്പിക്കും. ഇന്റ്ര് കോളിജിയേറ്റ് കവിത മത്സരം, സാഹിത്യ സമ്മേളനങ്ങള്, കവിയരങ്ങ്, പുസ്തക ചര്ച്ച, സംവാദങ്ങള്, കഥയരങ്ങ്, നാടന് കലാമേള, കളരിപ്പയറ്റ്, പുസ്തക പ്രകാശനം, പുസ്തക പരിചയം, വിവിധ സാംസ്കാരിക പരിപാടികള് അരങ്ങേറുമെന്ന് സംഘാടകസമിതി ഭാരവാഹികള് അറിയിച്ചു.