പ്രതീകാത്മക ചിത്രം
പാലക്കാട്: പിരായിരി പഞ്ചായത്തിലെ മാന്പ്രയിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിയുടെ പ്രവർത്തനം ഉടൻ നിർത്തിവയ്ക്കണമെന്നും കുടിവെള്ള സംഭരണിയുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ജനകീയ സമരസമിതി ജില്ലാ കളക്ടർക്ക് പരാതി നൽകി.
ക്വാറിയുടെ പ്രവർത്തനം മൂലം 22.5 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള കുടിവെള്ള സംഭരണിക്കും സമീപത്തെ 110 കെവി വൈദ്യുതി ലൈനിനും ഭീഷണിയുണ്ടെന്നാണ് സമരസമിതിയുടെ ആരോപണം.
അധികൃതർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ16ന് ജില്ലാ കളക്ടറെ ഉപരോധിക്കുന്നതടക്കമുള്ള ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും സമരസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ മുന്നറിയിപ്പ് നൽകി. ക്വാറിക്ക് അനുവദിച്ചിട്ടുള്ള അനുമതിയിലെ വ്യവസ്ഥകൾ ലംഘിച്ചാണ് പ്രവർത്തനം തുടരുന്നതെന്ന് സമരസമിതി ആരോപിച്ചു.
ക്വാറിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന അപകടസാധ്യതകൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ ഏതാനും മാസങ്ങളായി ബന്ധപ്പെട്ട അധികാരികൾക്ക് നിരവധി പരാതികൾ നൽകിയിട്ടും ഫലപ്രദമായ നടപടികളുണ്ടായിട്ടില്ലെന്നും ഭാരവാഹികൾ പറഞ്ഞു.
അതിനിടെ കുടിവെള്ള സംഭരണിയുടെ സ്ലാബിൽ വിള്ളലുകൾ രൂപപ്പെട്ടതായി ചൂണ്ടിക്കാട്ടി കേരള ജല അഥോറിറ്റിക്കും പിരായിരി പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കും കത്ത് നൽകിയിട്ടുണ്ട്.
സംഭരണിയിൽ വെള്ളം നിറച്ച് പരിശോധന നടത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പത്രസമ്മേളനത്തിൽ ജനകീയ സമരസമിതി പ്രസിഡന്റ് കെ.സി. ചന്ദ്രൻ, സെക്രട്ടറി എസ്. ഹക്കീം, ജോയിന്റ് സെക്രട്ടറി സുനൈ എന്നിവർ പങ്കെടുത്തു.