മാനസികാരോഗ്യ ബോധവത്കരണ ക്ലാസുകളുടെ ഉദ്ഘാടനം
തിരുവല്ല: ലോക ആത്മഹത്യാ പ്രതിരോധ ദിനാചരണത്തോടനുബന്ധിച്ച് ബിലീവേഴ്സ് ചര്ച്ച് മെഡിക്കല് കോളജ് ആശുപത്രിയുടെ നേതൃത്വത്തില് പ്രദേശത്തെ വിവിധ സ്കൂളുകളില് വിദ്യാര്ഥികള്ക്കായി മാനസികാരോഗ്യ ബോധവത്കരണ ക്ലാസുകള് സംഘടിപ്പിച്ചു. ബിലീവേഴ്സ് ആശുപത്രി പബ്ലിക് റിലേഷന്സ്, സൈക്യാട്രി, എമര്ജന്സി വിഭാഗങ്ങളുടെ സംയുക്ത നേതൃത്വത്തിലാണ് സ്കൂളുകളില് ക്ലാസുകള് നടത്തിയത്.
എഎംഎം ഹയര് സെക്കന്ഡറി സ്കൂള്, വള്ളംകുളം നാഷണല് ഹൈസ്കൂൾ, ആലന്തരുത്തി കണ്ണശ സ്മാരക സ്കൂൾ, കുറ്റൂര് ജിഎച്ച്എസഎസ്, തിരുമൂലപുരം എസഎന്വി എച്ച്എസ്എസ് എന്നിവിടങ്ങളിലായി 900 ലധികം വിദ്യാര്ഥികളും അധ്യാപകരും ഈ ബോധവത്കരണ പരിപാടിയില് പങ്കെടുത്തു. തിരുവല്ല സിഐ പി.എസ്.ഗോപകുമാര് അടക്കമുള്ള ഉന്നത പൊലിസ് ഉദ്യോഗസ്ഥര് വിവിധ സ്കൂളുകളിലെ ബോധവത്കരണക്ലാസുകളില് പങ്കെടുക്കുകയും ഓപ്പറേഷന് തൂഫാന് അടക്കമുള്ള പദ്ധതികളെക്കുറിച്ച് വിശദമാക്കുകയും ചെയ്തു.
ഒരു മാസം നീണ്ട ബോധവത്കരണ പരിപാടികളുടെ സമാപന സമ്മേളനം ഇരവിപേരൂര് സെന്റ് ജോണ്സ് ഹയര് സെക്കന്ഡറി സ്കൂളില് നടന്നു. തിരുവല്ല തഹസില്ദാര്. ജോബിന് കെ. ജോര്ജ് ഉദ്ഘാടനം ചെയ്തു. ബിലീവേഴ്സ് ആശുപത്രി പബ്ലിക് റിലേഷന്സ് മാനേജര് വിന്നി എലിസബത്ത് ജോണ്സണ് വിഷയാവതരണം നടത്തി. സൈക്യാട്രി വിഭാഗം കണ്സള്ട്ടന്റ് സൈക്കോളജിസ്റ്റ് ഐവിന് സൂസന് അലക്സ്, ക്ലിനിക്കല് സൈക്കോളജിസ്റ്റ് ജെനി ആന് ജോര്ജ് എന്നിവര് ബോധവത്കരണ സെഷന് നേതൃത്വം നല്കി. പ്രിന്സിപ്പാള് ഷിബു കെ. ജോര്ജ്, സ്കൂള് ഹെഡ്മിസ്ട്രസ് രാധിക വി., സിബി ജോര്ജ് മാത്യു എന്നിവര് പ്രസംഗിച്ചു.