റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നടത്തിയ ഹർത്താലിന്റെ ഭാഗമായി ചളിങ്ങാട് നടന്ന പ്രതിഷേധ പ്രകടനം.
കയ്പമംഗലം: തകർന്നു കിടക്കുന്ന ഈസ്റ്റ് ടിപ്പു സുൽത്താൻ റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കയ്പമംഗലം ചളിങ്ങാട് മേഖലയിൽ ഇന്നലെ ഹർത്താൽ ആചരിച്ചു. രാവിലെ 6 മുതൽ വൈകീട്ട് 6 വരെയായിരുന്നു ഹർത്താൽ. സമരത്തിന്റെ ഭാഗമായി റോഡ് ഉപരോധവും പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചു.
മാസങ്ങൾക്കുമുമ്പ് കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനായി റോഡ് പൊളിച്ചെങ്കിലും പൈപ്പ് സ്ഥാപിച്ച ശേഷം റോഡ് വേണ്ട വിധത്തിൽ റീസ്റ്റോറേഷനോ ടാർ ചെയ്യുകയോ ചെയ്തിരുന്നില്ല. മഴ ശക്തമായതോടെ റോഡിൽ വലിയ വെള്ളക്കെട്ട് രൂപപ്പെടുകയും യാത്ര അതീവ ദുഷ്കരമാവുകയും ചെയ്തു. നിരവധി തവണ പ്രതിഷേധങ്ങൾ നടത്തിയെങ്കിലും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് ഹർത്താലും റോഡ് ഉപരോധവും നടത്തിയത്.
ആക്ഷൻ കൗൺസിൽ അംഗങ്ങളായ അനസ് അബൂബക്കർ, ഹുസൈൻ ബുറാഖ്, പി.എ.നസീർ, നാസർ ചളിങ്ങാട്, പി.എ. അബൂബക്കർ, ഷിയാസ് വനിത, ഇസ്ഹാഖ് പൊന്നാത്ത്, ടി.എ.അഹമദ്, മഹല്ല് സെക്രട്ടറി പി.എ.മുഹമ്മദ്, മദ്രസ സെക്രട്ടറി നൗഷാദ് തിണ്ടിക്കൽ, ജനപ്രതിനികളായ ഫാത്തിമ അനസ്, പി.എം.സൈനുദ്ദീൻ, അൻസ മോൾ, സന്ധ്യ രവീന്ദ്രൻ, രശ്മി ശ്രീജിത്ത്, സീന ഇസ്മായിൽ, നഹിത സലീം തുടങ്ങിയവർ പ്രസംഗിച്ചു .