കോട്ടയം: ക്രിസ്തീയ വിശ്വാസത്തിന്റെ ആത്മീയ അടിത്തറയാണ് നിഖ്യാ സൂനഹദോസെന്ന് മലങ്കര സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നേതൃത്വത്തില്‍ കോട്ടയം പഴയ സെമിനാരിയില്‍ സംഘടിപ്പിച്ച നിഖ്യാ സുന്നഹദോസിന്റെ 1700-ാം വാര്‍ഷികം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിഖ്യാ വാര്‍ഷികം ക്രൈസ്തവ സഭകളുടെ യോജിപ്പിനെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലാണ്.
എഡി 325ല്‍ സുന്നഹദോസ് നടന്ന അതേസ്ഥലത്ത് ഇതര സഭാധ്യക്ഷന്മാര്ക്കൊപ്പം ഒരുമിച്ച് പ്രാര്‍ഥിക്കാന്‍ കഴിഞ്ഞത് നിയോഗമായി കാണുന്നുവെന്നും കാതോലിക്കാ ബാവാ പറഞ്ഞു.
എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. സഭാ സെക്രട്ടറി ബിജു ഉമ്മന്‍, ഡോ. യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് മെത്രാപ്പോലീത്താ, മലങ്കര മാര്‍ത്തോമ്മാ സഭ സഫ്രഗന്‍ മെത്രാപ്പോലീത്താ ഡോ. ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്താ, കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം, കോട്ടയം വൈദിക സെമിനാരി വൈസ്പ്രസിഡന്റ് ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്താ, വൈദിക ട്രസ്റ്റി റവ.ഡോ. തോമസ് വര്‍ഗീസ് അമയില്‍, വൈദിക സെമിനാരി പ്രിന്‍സിപ്പല്‍ റവ.ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags : nattu vishesham Catholic Bishop