ജോൺ തോമസ്, കെ. കാർത്തികേയൻ, പ്രണവം ശ്രീകുമാർ
ഹരിപ്പാട്: ജില്ലാപഞ്ചായത്ത് പള്ളിപ്പാട് ഡിവിഷൻ വിജയത്തുടർച്ചയ്ക്ക് എൽഡിഎഫും തിരിച്ചുപിടിക്കാൻ യുഡിഎഫും അട്ടിമറി വിജയത്തിന് എൻഡിഎയും തന്ത്രങ്ങൾ മെനയുമ്പോൾ പള്ളിപ്പാട് ഡിവിഷനിൽ ഉഗ്രപോരാട്ടം നടക്കുമെന്ന് ഉറപ്പായി. 2010 ൽ രൂപീകരിച്ച ഡിവിഷനിൽ 2010, 2015 എന്നീ വർഷങ്ങളിൽ നടന്ന തെരഞ്ഞെടു പ്പുകളിൽ യുഡിഎഫാണ് വിജയിച്ചത്. എന്നാൽ 2020ൽ നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫിലെ സിപിഐ സ്ഥാനാർഥി എ. ശോഭ 1,798 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഈ ഡിവിഷനിൽനിന്നു വിജയിച്ചു.
രണ്ടര പതിറ്റാണ്ടായി ജില്ലാ പഞ്ചായത്തംഗമായി തുടരുന്ന ഡിസിസി വൈസ് പ്രസിഡന്റുകൂടിയായ ജോൺ തോമസാണ് ഇത്ത വണ യുഡിഎഫ് സ്ഥാനാർഥി. 2015ൽ ഈ ഡിവിഷനിൽനിന്നു ജോൺ തോമസ് വിജയിച്ചിരുന്നു. സിപിഐ ജില്ലാ എക്സിക്യുട്ടീവംഗം കെ. കാർത്തികേയനാണ് എൽഡിഎഫ് സ്ഥാനാർഥി. എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കുന്നത് കർഷകമോർച്ച ജില്ലാ പ്രസിഡന്റ് പ്രണവം ശ്രീകുമാറാണ്.
പള്ളിപ്പാട്, വീയപുരം, ചെറുതന പഞ്ചായത്തുകളും കരുവാറ്റയിലെ ആറ്, ഏഴ് വാർഡുകളും ചേപ്പാട് പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന്, നാല്, 13, 14, 15, 16 വാർഡുകളും ഉൾപ്പെടുന്നതാണ് പള്ളിപ്പാട് ഡിവിഷൻ. ഇപ്പോഴത്തെ നിലയനുസരിച്ച് ആകെ 52 വാർഡുകൾ. 2020-ൽ 49 വാർഡുകളാണ് ഉണ്ടായിരുന്നത്.
ഡിവിഷൻ പരിധിയിലെ ചെറുതന പഞ്ചായത്തിൽ മാത്രമാണ് യുഡിഎഫ് ഭരണമുള്ളത്. ബാക്കി പഞ്ചായത്തുകൾ എൽഡിഎഫ് ഭരണത്തിൻ കീഴിലാണ്. നിലവിലെ 49 പഞ്ചായത്ത് വാർഡുകളിൽ 24 വാർഡുകളിൽ എൽഡിഫ് വിജയിച്ചതാണ്. യുഡിഎഫിന് 16 വാർഡുകളിലും എൻഡിഎയ്ക്ക് അഞ്ചു വാർഡുകളിലുമാണ് വിജയം. ബാക്കി വാർഡുകളിൽ സ്വതന്ത്ര സ്ഥാനാർഥികളാണ് ജയിച്ചത്.
ഹരിപ്പാട് മേഖലയിലെ ഡിവിഷനുകളിൽ ഏറ്റവും കൂടുതൽ നെൽകർഷകരും നെൽകൃഷിയുമുള്ള ഭാഗമാണിത്.അതിനാൽ നെല്ലെടുപ്പിലെ പ്രശ്നങ്ങളും നെല്ലുവില കിട്ടാനുള്ള കാലതാമസവുമാവും തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാവിഷയങ്ങൾ.