പ്രതീകാത്മക ചിത്രം
പൊൻകുന്നം: മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ പ്രധാന തീർഥാടന ഇടത്താവളമായ ചിറക്കടവ് ശ്രീമഹാദേവ ക്ഷേത്രത്തിന്റെ പ്രധാന കവാടത്തിലെ ഹൈമാസ്റ്റ് ലൈറ്റ് മിഴിതുറക്കാത്തത് ഭക്തരെയും നാട്ടുകാരെയും ഒരുപോലെ വലയ്ക്കുന്നു. ക്ഷേത്രത്തിലേക്കുള്ള പ്രധാന പാത തിരിയുന്ന ജംഗ്ഷനിൽ സ്ഥാപിച്ചിട്ടുള്ള ഈ ഹൈമാസ്റ്റ് വിളക്ക് കേടായിട്ട് മാസങ്ങളായിട്ടും പുനഃസ്ഥാപിക്കാൻ അധികൃതർ തയാറാകാത്തതിൽ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.
ശബരിമല തീർഥാടനകാലത്ത് മധ്യതിരുവിതാംകൂറിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഇടത്താവളങ്ങളിലൊന്നാണ് ചിറക്കടവ് ശ്രീമഹാദേവ ക്ഷേത്രം. അന്യസംസ്ഥാനങ്ങളിൽ നിന്നടക്കം ദിവസേന ആയിരക്കണക്കിന് തീർഥാടക വാഹനങ്ങളാണ് എരുമേലിയിലേക്കും പമ്പയിലേക്കും പോകുന്നതിനായി ക്ഷേത്രദർശനം നടത്തി ഇവിടെ വിശ്രമിച്ചു കടന്നുപോകുന്നത്. തീർഥാടക പ്രവാഹം തുടങ്ങാൻ ഇനി ചുരുങ്ങിയ ദിവസങ്ങൾ മാത്രം അവശേഷിക്കേ പ്രധാന കവാടം ഉൾപ്പെടുന്ന കവല ഇരുട്ടിൽ മുങ്ങിക്കിടക്കുന്നത് അപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും കാരണമായേക്കും.
രാത്രികാലങ്ങളിൽ എത്തുന്ന തീർഥാടകർക്ക് ക്ഷേത്രത്തിലേക്കുള്ള വഴി തിരിച്ചറിയാൻ സാധിക്കാത്തതും കാൽനടയാത്രക്കാരായ ഭക്തർക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാൻ കഴിയാത്തതും വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. തീർഥാടന മുന്നൊരുക്കങ്ങളുടെ ഭാഗമായി വഴിവിളക്കുകൾ സജ്ജമാക്കാൻ നിർദേശങ്ങൾ ഉണ്ടായിട്ടും ക്ഷേത്രമുറ്റത്തെ പ്രധാന വെളിച്ചം അണഞ്ഞുകിടക്കുന്നതിൽ ഭരണകൂടത്തിന്റെ കടുത്ത അനാസ്ഥയാണ് പ്രകടമാകുന്നത്.
തീർഥാടനകാലം ആരംഭിക്കുന്നതിന് മുന്പായി അടിയന്തര പ്രാധാന്യം നൽകി ഹൈമാസ്റ്റ് ലൈറ്റ് നന്നാക്കി വെളിച്ചമെത്തിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും ഭക്തജനങ്ങളുടെയും ആവശ്യം.
Tags : High-mast light Nattuvishesham DistrictNews