പ്രതീകാത്മക ചിത്രം
ശാന്തമ്പാറ: ഹൈറേഞ്ച് തോട്ടം തൊഴിലാളി യൂണിയൻ(സിഐടിയു)15-ാമത് വാർഷിക സമ്മേളനം ഇന്നും നാളെയുമായി ശാന്തമ്പാറ, പൂപ്പാറ എന്നിവിടങ്ങളിൽ നടക്കുമെന്നു ഭാരവാഹികൾ അറിയിച്ചു. സമ്മേളനത്തിനു മുന്നോടിയായി ഇന്നലെ രാവിലെ ഇരുപതേക്കറിൽനിന്ന് ആരംഭിച്ച ദീപശിഖ ജാഥയും, പാറത്തോട്ടിൽനിന്ന് ആരംഭിച്ച കൊടിമര ജാഥയും, ഉച്ചകഴിഞ്ഞ് മുക്കുടിലിൽനിന്ന് ആരംഭിച്ച പതാക ജാഥയും സൂര്യനെല്ലിയിൽനിന്നുമാരംഭിച്ച കപ്പി, കയർ ജാഥയും വൈകുന്നേരം പൂപ്പാറയിലെത്തി.
ഇന്ന് രാവിലെ 9.30 ന് ശാന്തമ്പാറ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യും. 40 യൂണിയനുകളിൽനിന്നായി 310 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. നാളെ വൈകുന്നേരം മൂന്നിന് പൂപ്പാറയിൽ പ്രകടനവും പൊതുസമ്മേളനവും നടക്കും. ദിണ്ഡുക്കൽ എംപി ആർ. സച്ചിതാനന്ദം ഉദ്ഘാടനം നിർവഹിക്കും.
സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എം.എം. മണി മുഖ്യപ്രഭാഷണം നടത്തും. സിഐടിയു, സിപിഎം നേതാക്കൾ പ്രസംഗിക്കും. രാത്രിഎട്ടിന് പത്തനംതിട്ട സാരംഗിന്റെ ഗാനമേളയും നടക്കുമെന്നു യൂണിയൻ ജനറൽ സെക്രട്ടറി എൻ.പി. സുനിൽകുമാർ, ചെയർമാൻ എൻ.ആർ. ജയൻ, കൺവീനർ വി.വി. ഷാജി, ട്രഷറർ സേനാപതി ശശി എന്നിവർ അറിയിച്ചു.