പ്രതീകാത്മക ചിത്രം
തിരവനന്തപുരം: കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ ഇക്കോളജിക്കലി സെന്‍സിറ്റീവ് ഏരിയ-പരിസ്ഥിതി ലോല മേഖല (ഇഎസ്എ) സംബന്ധിച്ച കരടു വിജ്ഞാപനവുമായി ബന്ധപ്പെട്ടു മലയോര മേഖലയില്‍ ആശങ്കയൊഴിയുന്നില്ല.
തിരുവനന്തപുരം ജില്ലയില്‍ നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളും അമ്പൂരി, വാഴിച്ചല്‍, കള്ളിക്കാട്, മണ്ണൂര്‍ക്കര, തെന്നൂര്‍, പെരിങ്ങമ്മല, വിതുര വില്ലേജുകളുമാണ് ഇഎസ്എ പട്ടികയില്‍ ഉള്‍പ്പെടുന്നത്. അമ്പൂരി പഞ്ചായത്തിലെ ആകെയുള്ള 14 വാര്‍ഡുകളില്‍ ഭൂരിഭാഗവും 2014-ലെ പരിസ്ഥിതിലോല കരടു വിജ്ഞാപന പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതേസമയം പരിസ്ഥിതിലേല മേഖലയില്‍ ഉള്‍പ്പെടുന്ന അപൂര്‍വയിനം സസ്യങ്ങളോ പക്ഷികളോ ജന്തുക്കളോ ഈ പ്രദേശങ്ങളില്‍ ഇല്ല. സാറ്റലൈറ്റ് വഴി നടത്തിയ സര്‍വേയിലെ അപാകതയാണ് ജനവാസ കേന്ദ്രങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെടുന്നതിനു കാരണമായതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
വിജ്ഞാപനത്തില്‍ കൃഷിഭൂമിയും ജനവാസമേഖലകളും ഉള്‍പ്പെട്ടിട്ടുണ്ട് എന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. അമ്പൂരി, വാഴിച്ചല്‍ വില്ലേജുകള്‍ ഉള്‍പ്പെട്ട 52.036 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം പരിസ്ഥിതി ലോല പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാണ് 2020ല്‍ വനം വകുപ്പ് ശിപാര്‍ശ നല്‍കിയിരിക്കുന്നത്. വെല്ലുവിളികളെ അതിജീവിച്ച് മണ്ണിനോടു മല്ലടിക്കുന്ന മനുഷ്യരെ പുറത്താക്കാന്‍ നോക്കുന്നത് അനീതിയാണ്.
വനാതിര്‍ത്തി മേഖലയിലെ തങ്ങളുടെ ഭൂമി കൈയേറാനുള്ള സര്‍ക്കാരിന്റെ ശ്രമമാണ് വര്‍ഷങ്ങളായി നടക്കുന്നതെന്നു പ്രദേശ വാസികള്‍ ആരോപിക്കുന്നു. പതിറ്റാണ്ടുകളായി താമസിക്കുന്ന ഭൂമിയില്‍നിന്നു ഇറക്കിവിടുമോയെന്ന ആശങ്കയും ഇവര്‍ക്കുണ്ട്. പേപ്പാറ, നെയ്യാര്‍ ജലസംഭരണികള്‍ക്കു ചുറ്റും 70.906 ചതുരശ്രകിലോമീറ്റര്‍ പരിസ്ഥിതി ലോലമേഖലയാകുമ്പോള് നൂറുകണക്കിനു കുടുംബങ്ങളാണ് ദുരിതത്തിലാകുക. അമ്പൂരി, കുറ്റിച്ചല്‍, കള്ളിക്കാട്, ആര്യനാട്, വിതുര പഞ്ചായത്തുകളില്‍ ഉള്‍പ്പെടുന്ന കുടുംബങ്ങളാണ് ഇതില്‍ അധികവും. നിര്ദിഷ്ടപ്രദേശങ്ങള് ഉള്‍പ്പെടുത്തി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കരടുവിജ്ഞാപനമിറക്കിയതോടെ ആദിവാസികള്‍ കടുത്ത ആശങ്കയിലാണ്. ജില്ലയിലെ പട്ടിക വര്‍ഗമേഖലയില്‍ ഏറ്റവും പിന്നാക്കം നില്ക്കുന്ന പ്രദേശമായ പെരിങ്ങമ്മല നിവാസികള്‍ക്കും ആശങ്കയുണ്ട്. പരുത്തിപ്പള്ളി വനപരിധിയില്പ്പെടുന്ന എഎസ്എ ലിസ്റ്റില്‍ തോട്ടം തൊഴിലാളി മേഖലയും വനവും ഉള്‍പ്പെടും. 80.2 ഹെക്ടര്‍ പ്രദേശമാണ് ഇവിടെ വരുന്നത്. ബോണക്കാട് തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളും ഉള്‍പ്പെടുന്നതാണ് പരിസ്ഥിതിമേഖല. ഇവിടത്തെ തൊഴിലാളികളും ആശങ്കയിൽ തുടരുകയാണ്.
ഇതില്‍ കര്‍ഷകരും സാധാരണക്കാരും തിങ്ങിപ്പാര്‍ക്കുന്ന ജനവാസ മേഖലകളെ നിയന്ത്രണ പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്നു കേരള സര്‍ക്കാര്‍ നേരത്തേ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ സംസ്ഥാനത്തിന്റെ ഈ ആവശ്യം പൂര്‍ണമായും തള്ളിക്കളഞ്ഞുകൊണ്ടാണു കേന്ദ്രം പുതിയ കരടുവിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നതെന്നു മലയോര കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. പശ്ചിമ ഘട്ടത്തിലെ പരിസ്ഥിതി ലോല മേഖലയായി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത് 56,82 5.7 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ്. ഇതില്‍ 9,993.7 ചതുരശ്ര കിലോമീറ്ററാണു കേരളത്തിലുള്ളത്. മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട്, ഗോവ, ഗുജറാത്ത് എന്നിവിടങ്ങളിലാണു ബാക്കി പ്രദേശങ്ങള്‍.
കേരളത്തില്‍ 98 വില്ലേജുകളിലെ 8,590.69 ചതുരശ്ര കിലോമീറ്ററായി ഇഎസ്എ ചുരുക്കണമെന്നാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്.