കടയ്ക്കൽ : ചൂട് വർധിച്ചതോടെ മലയോരമേഖലയുടെ പല പ്രദേശങ്ങളും കടുത്ത കുടിവെള്ളക്ഷാമത്തിലായി. ഉയർന്ന പ്രദേശങ്ങളിൽ കിണറുകളും കുളങ്ങളും വറ്റി. മേഖലയിലെ ഏറ്റവും വലിയ കുടിവെള്ളവിതരണ പദ്ധതിയായ ചിതറ ജലവിതരണപദ്ധതി കാര്യക്ഷമമല്ലാത്തതിനാൽ പദ്ധതിപ്രദേശങ്ങളിലും കുടിവെള്ളക്ഷാമം ബാധിച്ചുതുടങ്ങി. പഞ്ചായത്തുകളിലെ പല ഗ്രാമീണ കുടിവെള്ളപദ്ധതികളും നോക്കുകുത്തികളായി മാറിയിരിക്കുകയാണ്.
മലയോരത്തെ ഏഴു പഞ്ചായത്തുകൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് ചിതറ പദ്ധതിയെയാണ്. ചിതറ, കടയ്ക്കൽ, കുമ്മിൾ പഞ്ചായത്തുകൾ ഏതാണ്ട് പൂർണമായും ഇട്ടിവ, നിലമേൽ, ചടയമംഗലം, അലയമൺ പഞ്ചായത്തുകൾ ഭാഗികമായും ഉൾക്കൊള്ളുന്ന വിപുലമായ വിതരണമേഖലയാണ് പദ്ധതിക്കുള്ളത്. വേനൽ കടുത്തതോടെ സംഭരണി പ്രദേശത്തെ ജലനിരപ്പ് താഴ്ന്നത് ചിതറ പദ്ധതിയിലെ ജലവിതരണത്തെ ബാധിച്ചിട്ടുണ്ട്.
കാലപ്പഴക്കമേറിയ വിതരണക്കുഴലുകളും ജലവിതരണം തടസപ്പെടാൻ കാരണമാകുന്നു. ചിതറ പഞ്ചായത്തിന്റെ ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്. ഐരക്കുഴി, കണ്ണൻകോട്, ചക്കമല, കിളിത്തട്ട്, മന്ദിരംകുന്ന് പ്രദേശങ്ങളിലുള്ളവർ കുടിവെള്ളമില്ലാതെ വലയുന്നു. ഉയർന്ന പ്രദേശങ്ങളിൽ കാരറയിൽ മാത്രമാണ് രണ്ട് ഗ്രാമീണ കുടിവെള്ളപദ്ധതികളുള്ളത്. നിരന്ന പ്രദേശങ്ങളിൽമാത്രമാണ് ചിതറ പദ്ധതിയിൽനിന്ന് കുടിവെള്ളം ലഭിക്കുന്നത്.
കുമ്മിൾ പഞ്ചായത്തിൽ ജലജീവൻ പദ്ധതിപ്രകാരം 22 ലക്ഷം രൂപ ചെലവഴിച്ച് കുടിവെള്ളപദ്ധതി നടപ്പാക്കിയെങ്കിലും പല മേഖലകളിലും ഇനിയും വെള്ളമെത്തിയിട്ടില്ല. കൊണ്ടോടി, നടപ്പാറ പ്രദേശങ്ങളാണ് കുടിവെള്ളമില്ലാതെ ഏറ്റവും കൂടുതൽ വിഷമിക്കുന്നത്. ക്വാറികൾ പ്രവർത്തിക്കുന്ന ഇവിടെ മഴക്കാലത്തുപോലും കുടിവെള്ളത്തിനു ബുദ്ധിമുട്ടുന്നു.
മുക്കുന്നം, തൊളിക്കുഴി മേഖലകളിലും കുടിവെള്ളപ്രശ്നമുണ്ട്. ചിതറ പദ്ധതിയുടെ ഓഫീസ് പ്രവർത്തിക്കുന്ന കടയ്ക്കലിലും ജലവിതരണം കാര്യക്ഷമമല്ല. കടയ്ക്കൽ പട്ടണത്തിലും സമീപപ്രദേശങ്ങളിലും ജലക്ഷാമം അനുഭവപ്പെട്ടുതുടങ്ങി. എറ്റിൻകടവ്, മാറ്റിടാംപാറ, അർത്തിങ്ങൽ, കീരിപ്പുറം മേഖലകൾ ഉദാഹരണമാണ്. ആനപ്പാറ, മണിയൻമുക്ക്, കോക്കാട്ടുകുന്ന്, ഗോവിന്ദമംഗലം പ്രദേശങ്ങളിൽ കുടിവെള്ളവിതരണം പേരിനുമാത്രമാണ്.