കാസർഗോഡ് ഗവ. മെഡിക്കൽ കോളജ്
ബദിയടുക്ക: കാസർഗോഡ് ഗവ. മെഡിക്കൽ കോളജിലെ വിദ്യാർഥികൾക്ക് ഹോസ്റ്റൽ ഭക്ഷണവും കോളജ് ബസും മുടങ്ങി.
ഹോസ്റ്റലിലെ മെസ് നടത്തിപ്പിന് കരാർ ഏറ്റെടുത്ത കുടുംബശ്രീ യൂണിറ്റിന്റെ കാലാവധി കഴിഞ്ഞതാണ് പ്രശ്നമായത്. കരാർ പുതുക്കാതായതോടെ ഈ മാസം ഒന്നുമുതൽ മെസ് അടച്ചുപൂട്ടുകയായിരുന്നു. കോളജിലാണെങ്കിൽ ഇതുവരെ കാന്റീൻ തുടങ്ങിയിട്ടില്ല.
ഇതോടെ പുറത്തുനിന്ന് ഭക്ഷണം വാങ്ങി കഴിക്കേണ്ട അവസ്ഥയിലാണ് വിദ്യാർഥികൾ. കോളജ് പ്രവർത്തിക്കുന്ന ഉക്കിനടുക്കയിലെ പ്രാദേശിക രുചിഭേദങ്ങൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കുട്ടികൾക്ക് ഉൾക്കൊള്ളാനും കഴിയുന്നില്ല.
പ്രായോഗിക പഠനത്തിന് സൗകര്യമൊരുക്കിയിട്ടുള്ള കാസർഗോഡ് ജനറൽ ആശുപത്രിയിലേക്ക് വിദ്യാർഥികളെ കൊണ്ടുപോയിരുന്നത് കോളജ് ബസിലായിരുന്നു. എന്നാൽ 13 വർഷത്തിലധികം പഴക്കമുള്ള ബസാണ് കോളജ് ബസായി കൊണ്ടുവന്നത്. ഉക്കിനടുക്കയിൽ നിന്ന് കാസർഗോട്ടേക്കുള്ള 30 കിലോമീറ്ററിലധികം ദൂരം പതിവായി ഓടാൻ തുടങ്ങിയതോടെ ഈ ബസ് കട്ടപ്പുറത്തായി. ഇപ്പോൾ വിദ്യാർഥികൾ സ്വന്തം നിലയ്ക്ക് ബസ് കയറി കാസർഗോട്ടേക്ക് പോകേണ്ട അവസ്ഥയിലാണ്. പെൺകുട്ടികൾക്ക് കെഎസ്ആർടിസി ബസിൽ സൗജന്യമാണെന്നതു മാത്രമാണ് ആകെയുള്ള ആശ്വാസം. ആൺകുട്ടികൾക്ക് പഠനച്ചെലവിനൊപ്പം ബസ് ചാർജും കരുതേണ്ടിവരുന്നു. അടിയന്തരമായി മെസിന്റെ പ്രവർത്തനം പുനരാരംഭിക്കുന്നതിനും പുതിയ കോളജ് ബസ് ലഭ്യമാക്കുന്നതിനും നടപടിയുണ്ടാകണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ കോളജ് അധികൃതർക്ക് നിവേദനം നൽകിയിട്ടുണ്ട്.
കെട്ടിടവും ഹോസ്റ്റലുമില്ലാതെ ന്സിംഗ് കോളജ്
ബദിയടുക്ക: ഗവ. മെഡിക്കൽ കോളജിന് അനുബന്ധമായി തുടങ്ങിയ നഴ്സിംഗ് കോളജിന് മൂന്നു വർഷമായിട്ടും സ്വന്തം കെട്ടിടമോ ഹോസ്റ്റലോ ആയില്ല. അധ്യാപകരുടെ ക്ഷാമവും രൂക്ഷമാണ്.
മെഡിക്കൽ കോളജിന്റെ അക്കാദമിക് ബ്ലോക്കിനായി നിർമിച്ച കെട്ടിടത്തിലാണ് നഴ്സിംഗ് കോളജ് തുടങ്ങിയത്. മെഡിക്കൽ കോളജിനായി അനുവദിച്ച 65 ഏക്കറോളം സ്ഥലത്തിൽ നിന്ന് ഒരു ഭാഗം വേർതിരിച്ച് അവിടെ നഴ്സിംഗ് കോളജിന് പ്രത്യേക കെട്ടിടവും ഹോസ്റ്റലുമുൾപ്പെടെ നിർമിക്കുമെന്നാണ് അന്ന് പറഞ്ഞിരുന്നത്.
എന്നാൽ മൂന്നു ബാച്ചുകളായിട്ടും ഇതിന്റെ പ്രാഥമിക നടപടിക്രമങ്ങൾ പോലും തുടങ്ങിയിട്ടില്ല. മെഡിക്കൽ കോളജിനായി നിർമിച്ച ഹോസ്റ്റലിൽ സൗകര്യമുണ്ടായിട്ടും നഴ്സിംഗ് വിദ്യാർഥികൾ പുറത്തുള്ള സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കേണ്ട അവസ്ഥയിലാണ്. നിയമപ്രകാരം മെഡിക്കൽ കോളജിന്റെ ഹോസ്റ്റലിൽ ഇവരെ താമസിപ്പിക്കാനാവില്ലെന്നാണ് അധികൃതരുടെ നിലപാട്.
നഴ്സിംഗ് കോളജിൽ 24 സ്ഥിര അധ്യാപകർ വേണ്ടിടത്ത് ആകെ നാലുപേർ മാത്രമാണ് ഉള്ളത്. 14 അധ്യാപകരെയെങ്കിലും നിയമിക്കണമെന്ന് ഒരുവർഷം മുമ്പ് ആരോഗ്യ സർവകലാശാല നൽകിയ നിർദേശവും വെറുതെയായി. ഈ അവസ്ഥയിലാണ് നാലാമത്തെ ബാച്ച് വിദ്യാർഥികൾ ഇവിടെയെത്തുന്നത്.