അന്നമനട: അച്ചടിച്ച പുസ്തകങ്ങളിൽനിന്ന് ഇ-ബുക്കുകളിലേക്കും ലൈബ്രറി ഷെൽഫുകളിൽനിന്ന് ഡിജിറ്റൽ ഡാറ്റാബേസുകളിലേക്കും വിജ്ഞാനലോകം സഞ്ചരിച്ചുകഴിഞ്ഞു. അന്നമനട ബസ് സ്റ്റേഷനു മുകളിൽ തലയുയർത്തി നിൽക്കുന്ന ഡോ. അംബേദ്കർ മെമ്മോറിയൽ ഡിജിറ്റൽ റഫറൻസ് ലൈബ്രറി അത്തരമൊരു ദീർഘവീക്ഷണത്തിന്റെ പ്രതീകമാണ്. 2024-25 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 87 ലക്ഷം രൂപ ചെലവഴിച്ച് ഹൈടെക് നിലവാരത്തിൽ നിർമിച്ച ഈ കെട്ടിടം കഴിഞ്ഞ ഒക്ടോബറിൽ മുൻ നിയമസഭാ സ്പീക്കർ എ.എൻ. ഷംസീറാണ് ഉദ്ഘാടനംചെയ്തത്.
ആറ് കമ്പ്യൂട്ടർ യൂണിറ്റുകളും യുപിഎസ് സംവിധാനവുമുള്ള പഠനമുറികളും ഒരേസമയം ആറുപേർക്ക് ഓൺലൈൻ പഠനം നടത്താനുള്ള സൗകര്യവുമെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. പത്രങ്ങൾ, ആനുകാലികങ്ങൾ, ഇ-ബുക്കുകൾ, ഓഡിയോ-വീഡിയോ ഫയലുകൾ തുടങ്ങി ഒരു ഡിജിറ്റൽ ലൈബ്രറിയിൽനിന്ന് പ്രതീക്ഷിക്കുന്ന അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്.
എന്നാൽ, ഉദ്ഘാടനംകഴിഞ്ഞ് എട്ടുമാസം പിന്നിട്ടിട്ടും "ഡിജിറ്റൽ റഫറൻസ് ലൈബ്രറി" എന്ന ആശയം യാഥാർഥ്യമായിട്ടില്ല എന്നതാണ് ചിന്തിപ്പിക്കുന്ന വസ്തുത. പേരിൽ റഫറൻസ് ലൈബ്രറിയാണെങ്കിലും പ്രവർത്തനത്തിൽ അത് ഇപ്പോഴും ഒരു ഡിജിറ്റൽ ലൈബ്രറി മാത്രമായി തുടരുകയാണ്. ഉച്ചയ്ക്ക് രണ്ടു മുതൽ വൈകിട്ട് ആറു വരെ മാത്രം പ്രവർത്തിക്കുന്ന ലൈബ്രറി, വിദ്യാർഥികളുടെയും ഗവേഷകരുടെയും മത്സരപരീക്ഷാ ഉദ്യോഗാർഥികളുടെയും ആവശ്യങ്ങൾ പൂർണമായി നിറവേറ്റാൻ പര്യാപ്തമാണോയെന്ന ചോദ്യവും ഉയരുന്നുണ്ട്. കാലത്തിന്റെ മാറ്റങ്ങൾക്കൊപ്പം ചലിക്കാൻ തയാറെടുത്ത അന്നമനട ഗ്രാമപഞ്ചായത്ത്, ഡിജിറ്റൽ ലൈബ്രറിയിൽ നിന്ന് യഥാർഥ ഡിജിറ്റൽ റഫറൻസ് ലൈബ്രറിയെന്ന സ്വപ്ന സാക്ഷാൽകാരത്തിനായി ഈ വായനാദിനത്തിലെങ്കിലും നടപടി സ്വീകരിക്കണമെന്നാണ് അഭ്യുദയകാംക്ഷികളായ നാട്ടുകാരുടെ അഭ്യർഥന.
Tags : library Nattuvishesham District News