അനുശ്രീയും മെഹ്റിനും
കായംകുളം: മദ്യലഹരിയിൽ വാഹനം ഓടിക്കുന്നത് മൂലമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാനുള്ള വിദ്യാർഥിനികളുടെ നൂതന സാങ്കേതികവിദ്യ റവന്യൂ ജില്ലാ ശാസ്ത്രമേളയിൽ ശ്രദ്ധേയമായി. കായംകുളം സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി അനുശ്രീ, ഒമ്പതാം ക്ലാസ് വിദ്യാർഥിനി മെഹ്റിൻ എന്നിവർ ചേർന്ന് തയാറാക്കിയ മോഡലാണ് എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി സംസ്ഥാനതലത്തിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്.
അടുത്തിടെ എറണാകുളത്ത് മൂന്നു പേരുടെ ദാരുണാന്ത്യത്തിന് ഇടയാക്കിയ മിനി കൂപ്പർ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു ആശയത്തിലേക്കു കുട്ടികൾ എത്തിയത്. മദ്യപിച്ച ഒരാൾ വാഹനം ഓടിക്കാൻ ശ്രമിച്ചാൽ വാഹനം സ്റ്റാർട്ടാകാത്ത വിധത്തിലുള്ള സുരക്ഷാ സംവിധാനമാണ് ഇവർ വികസിപ്പിച്ചെടുത്തത്.
താരതമ്യേന വളരെ കുറഞ്ഞ ചെലവിൽ സാധാരണ വാഹനങ്ങളിൽ പോലും ഈ സംവിധാനം ഘടിപ്പിക്കാനാകും എന്നതാണ് ഇതിന്റെ പ്രത്യേകത. വരും ദിവസങ്ങളിൽ ജിഎസ്എം സാങ്കേതികവിദ്യ കൂടി ഉൾപ്പെടുത്തി ഈ സംവിധാനം കൂടുതൽ മികവുറ്റതാക്കാനാണ് വിദ്യാർഥിനികളുടെ ലക്ഷ്യം.
Tags : If the driver has consumed alcohol, Nattuvishesham DistrictNews