ഐഎച്ച്ആർഡി കോളജ് കെട്ടിടം.
മുക്കം: രണ്ട് പതിറ്റാണ്ടോളം കാലം നിരവധി വിദ്യാർഥികൾക്ക് ആശ്രയമായി പ്രവർത്തിച്ച ഐഎച്ച്ആർഡി കോളജിന്റെ പ്രവർത്തനം അവസാനിപ്പിച്ചു. കാരശേരി പഞ്ചായത്തിലെ തോട്ടക്കാടാണ് കോളജ് പ്രവർത്തിച്ചിരുന്നത്. ഒക്ടോബർ ഒന്നു മുതൽ സ്ഥാപനം അടച്ച് പൂട്ടിയ നിലയിലാണ്. കോളജ് പൂട്ടാൻ തീരുമാനിച്ചതിനാൽ വിദ്യാർഥികൾക്ക് അഡ്മിഷൻ നൽകിയിരുന്നില്ല.
ജീവനക്കാരെയെല്ലാം പറഞ്ഞയച്ചു. പ്രിൻസിപ്പലിന് വാഴക്കാട് ഐഎച്ച്ആർഡി കോളജിലേക്ക് സ്ഥലം മാറ്റവും നൽകി. ഫർണിച്ചർ ഉൾപ്പെടെയുള്ള ഉപകരണങ്ങളെല്ലാം അടുത്തുള്ള ഐഎച്ച്ആർഡി കോളജുകളിലേക്ക് എത്തിച്ചു നൽകാനാണ് നിർദ്ദേശിച്ചിട്ടുള്ളത്. കോളജ് കെട്ടിടത്തിന് കാവൽക്കാരനായി ഒരു നൈറ്റ് വാച്ച്മാനെ നിയമിച്ചിട്ടുണ്ട്. പകൽ സമയത്ത് ആരുമുണ്ടാവില്ല.
ആഴ്ചയിൽ ഒരു ദിവസം പഴയ പ്രിൻസിപ്പൽ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകാനാണ് അധികൃതർ ആവശ്യപ്പെട്ടിട്ടുള്ളത്. 2008ൽ ആരംഭിച്ച കോളജിന് പുതിയ കെട്ടിടം അനുവദിച്ചപ്പോഴും നിർമാണം കഴിഞ്ഞു അവിടേക്ക് മാറ്റുന്നത് സംബന്ധിച്ചും കോളജ് റൂട്ടിൽ ബസുകൾ ആരംഭിക്കുന്നത് സംബന്ധിച്ചും ഒട്ടേറെ രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങളും വിവാദങ്ങളും സമരങ്ങളും ഒക്കെ ഉണ്ടായ സ്ഥാപനമാണ് ഇപ്പോൾ പ്രവർത്തനം തന്നെ നിർത്തിയത്. ഗതാഗതസൗകര്യം ഇല്ലാത്തതിനാൽ വിദ്യാർഥികൾ എത്താതായതാണ് പ്രവർത്തനം നിലയ്ക്കാൻ പ്രധാന കാരണമായത്. 14 വർഷത്തോളം നോർത്തു കാരശേരിയിലെ വാടക കെട്ടിടത്തിൽ ആയിരുന്നു കോളജ് പ്രവർത്തിച്ചുവന്നത്.
കാരശേരി പഞ്ചായത്തിലെ തോട്ടക്കാട് സൗജന്യമായി കിട്ടിയ 1.20 ഏക്കറിലാണ് സി. മോയിൻകുട്ടി എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും രണ്ടരക്കോടി അനുവദിച്ച് കെട്ടിടം നിർമിച്ചത്.
കെട്ടിടം നിർമിച്ച് ആറു വർഷത്തിനു ശേഷം 2022 ലാണ് വാടകക്കെട്ടിടത്തിൽ നിന്ന് അവിടേക്ക് പ്രവർത്തനം മാറ്റിയത്. കോളജ് മാറ്റാൻ വൈകിയതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ ആരോപണപ്രത്യാരോപണങ്ങളും നിരവധി സമരങ്ങളും ഉണ്ടാവുകയും ചെയ്തു. കോളജ് അടച്ചു പൂട്ടിയതോടെ തോട്ടക്കാട് ഐഎച്ച്ആർഡി കോളജ് കെട്ടിടത്തിൽ രണ്ടുവർഷത്തോളമായി പ്രവർത്തിച്ചു വന്ന പിഎം വിശ്വകർമ്മ അഡ്വാൻസ്ഡ് ട്രെയിനിംഗ് സെന്റർ പ്രവർത്തനവും നിലച്ചു.
പ്രമേയം പാസാക്കി
മുക്കം: ഐഎച്ച്ആർഡി കോളജ് അടച്ചുപൂട്ടാനുളള സർക്കാർ നീക്കത്തിനെതിരേ പഞ്ചായത്ത് ഭരണസമിതി പ്രതിഷേധവുമായി രംഗത്ത്. വിഷയത്തിൽ അടിയന്തരമായി ഇടപെടുന്നതിന്റെ ഭാഗമായി പഞ്ചായത്ത് പ്രസിഡന്റ് ജി. അബ്ദുൽ അക്ബറിന്റെ നേതൃത്വത്തിലുള്ള ജനപ്രതിനിധി സംഘം കോളജ് സന്ദർശിച്ച് പ്രിൻസിപ്പലുമായി ചർച്ച നടത്തി. കോളജ് അടച്ചുപൂട്ടാനുള്ള തീരുമാനം പിൻവലിച്ച് സ്ഥാപനം ഇവിടെത്തന്നെ നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതി പ്രമേയവും പാസാക്കി.
Tags : Nattuvishesham Districtnews Deepikanews