വടുവന്‍തോട്ടില്‍ അനധികൃത തടയണ തുറന്നതിനെ തുടര്‍ന്ന് വെള്ളം ഒഴുകിപോയ നിലയില്‍.
ആളൂര്‍: പഞ്ചായത്തിലെ വടുവന്‍തോട്ടില്‍ ഏതാനും ആഴ്ചകളായി കെട്ടിനിര്‍ത്തിയിരിക്കുന്ന അനധികൃത തടയണമൂലം ഏക്കറുകണക്കിനു സ്ഥലത്ത് കൃഷി ചെയ്തിരുന്ന പച്ചക്കറി കൃഷി നശിച്ചു. ഇതിനിടെ അനധികൃത തടയണ തുറക്കണമെന്ന കര്‍ഷകരുടെ പരാതിയെ തുടർന്ന് ആര്‍ഡിഒ സ്ഥലം സന്ദര്‍ശിക്കാനിരിക്കെ തടയണ ചിലർ തുറന്നുവിട്ടു. ഇതോടെ കർഷകർക്ക് രോദനം പഴങ്കഥയായി.
വലതുകര കനാലിലെയും ബ്രാഞ്ച് കനാലിലെയും ചോര്‍ച്ചയും ഉറവുജലവും ഒഴുകിപ്പോകുന്നതാണ് വടുവന്‍ തോട്. ഈ തോട്ടില്‍ ഒരു പതിറ്റാണ്ടോളമായി അനാവശ്യമായി തടയണ കെട്ടി കൃഷിക്ക് നാശമുണ്ടാക്കുന്നുവെന്നാണ് കർഷകരുടെ പരാതി. എല്ലാ വര്‍ഷവും അനധികൃതമായി തടയണ കെട്ടുന്നതുമൂലം 75 ഏക്കറോളം സ്ഥലത്ത് വെള്ളക്കെട്ട് രൂപപ്പെടും. ഇവിടെ കൃഷി ചെയ്താൽ നാശം ഉണ്ടാകുന്നതിനാല്‍ കര്‍ഷകരില്‍ ഏറെ പേരും സ്ഥലം തരിശിട്ടിരിക്കുകയാണ്. എന്നാല്‍, ചുരുക്കം ചില കര്‍ഷകര്‍ ലക്ഷങ്ങള്‍ മുടക്കി ഇത്തവണയും കൃഷിയിറക്കിയിരുന്നു. ഈ കൃഷികളാണ് ആഴ്ചകളായുള്ള തടയണമൂലം വെള്ളക്കെട്ടില്‍ നശിച്ചത്.
1995 വരെ നെല്‍കൃഷി ചെയ്തിരുന്നെങ്കിലും പിന്നീട് ജാതി, തെങ്ങ്, കവുങ്ങ്, വാഴ, കപ്പ തുടങ്ങി മറ്റു പച്ചക്കറി കൃഷികളാണ് ചെയ്യുന്നത്.
ഒരുമാസത്തിലേറെ വെള്ളം കെട്ടിനിര്‍ത്തിയതോടെ ഏക്കറുകണക്കിന് സ്ഥലത്തെ നൂറുകണക്കിന് വാഴകള്‍, പയര്‍, കപ്പ തുടങ്ങിയ പച്ചക്കറികൃഷി നശിച്ചു.
ഇതിനിടയിലാണ് അനധികൃത തടയണ തുറക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ പഞ്ചായത്തില്‍ നല്കിയ പരാതി ആര്‍ഡിഒയ്ക്ക് കൈമാറിയിരുന്നത്. ഈ ദിവസങ്ങളില്‍ ആര്‍ഡിഒ സ്ഥലം സന്ദര്‍ശിക്കുമെന്ന അറിയിപ്പ് കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം തടയണ ആരോ തുറന്നുവിട്ടതെന്ന് കര്‍ഷകര്‍ പറയുന്നു.
തടയണ കെട്ടുന്നവര്ക്കെതിരേ നിരവധി തവണ പരാതികളും പ്രതിഷേധങ്ങളും നടത്തിയിട്ടും ശാശ്വതപരി ഹാരമുണ്ടായിട്ടില്ലെന്നും അനധികൃതമായി തടയണ കെട്ടുന്നതിനെതിരേ നടപടിയെടുക്കണമെന്നും നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ് പ്രസിഡന്റ് വാക്സറിന്‍ പെരേപ്പാടന്, കര്‍ഷകനും
അയ്യന് പാട കര്ഷകസമരസമിതി നേതാവുമായ രാമന് എമ്പ്രാന്തിരി, മഠത്തിപറമ്പില്‍ അന്തോണിക്കുട്ടി, എടത്താടന്‍ സജീവന്, മല്ലികാ അര്ജുന്, മാളക്കാരന്‍ ഷാജന് എന്നിവര്‍ ആവശ്യപ്പെട്ടു.
Tags : Illegal dams nattuvishesham local news