മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി മലപ്പുറം ജില്ലയിൽ രൂപീകരിച്ച വിവിധ സ്ക്വാഡ് അംഗങ്ങളുടെ യോഗം ജില്ലാ കളക്ടർ ഡോ. വിനയ് ഗോയലിന്റെ അധ്യക്ഷതയിൽ ചേർന്നു.
സുതാര്യമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കുന്നതിനും സ്ഥാനാർഥികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും ചെലവുകൾ നിരീക്ഷിക്കുന്നതിനും ഓരോ മണ്ഡലത്തിലും മൂന്ന് വീതം ഫ്ളൈയിംഗ് സ്ക്വാഡുകളും സ്റ്റാറ്റിക് സർവയലൻസ് സ്ക്വാഡുകളുമാണ് രൂപീകരിച്ചിട്ടുള്ളത്.
16 മണ്ഡലങ്ങൾക്കായി ആകെ 48 വീതം ഫ്ളൈയിംഗ് സ്ക്വാഡുകളും സ്റ്റാറ്റിക് സർവയലൻസ് സ്ക്വാഡുകളുമാണ് രൂപീകരിച്ചത്. ആസൂത്രണസമിതി സമ്മേളന ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണ്, എഡിഎം സി.എസ്. രാജേഷ്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ജയശ്രീ എസ്. വാര്യർ, സീനിയർ ഫിനാൻസ് ഓഫീസർ പ്രസീദ എന്നിവർ പ്രസംഗിച്ചു.
തെരഞ്ഞെടുപ്പ് പ്രക്രിയയിൽ നീതിയും സുതാര്യതയും ഉറപ്പു വരുത്തുക, അഴിമതി, അനാവശ്യ സ്വാധീനം, അന്യായ നേട്ടങ്ങൾ എന്നിവ തടയുക, സ്ഥാനാർഥികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും പ്രചാരണ ചെലവുകൾ നിരീക്ഷിക്കുക, സാന്പത്തിക ഇടപാടുകൾ പരിശോധിക്കുക തുടങ്ങിയവ സ്ക്വാഡിന്റെ ചുമതലകളാണ്.
വോട്ടെടുപ്പ് പൂർത്തിയാകുന്നതു വരെ നിയമവിരുദ്ധമായ പണമിടപാടുകൾ, മദ്യവിതരണം, വോട്ടർമാരെ ഭീഷണിപ്പെടുത്തൽ, സ്വാധീനിക്കൽ, അമിതമായ പ്രചാരണ ചെലവുകൾ എന്നിവ നിരീക്ഷിക്കും. കൈക്കൂലി നൽകൽ, നിയമവിരുദ്ധ ആയുധങ്ങൾ, വെടിമരുന്ന് എന്നിവ കൈവശം വയ്ക്കൽ, സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയും സ്ക്വാഡ് നിരീക്ഷിക്കുകയും പരിശോധനകളുടെ വീഡിയോ ചിത്രീകരിക്കുകയും ചെയ്യും.
ചെക്ക്പോസ്റ്റുകളിൽ പരിശോധന; ജില്ലയിൽ സുരക്ഷ ശക്തമാക്കും
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പ് സ്വതന്ത്രവും നിഷ്പക്ഷവും സമാധാന പൂർണവുമായി നടത്തുന്നതിന് ജില്ലാ കളക്ടർ ഡോ. വിനയ് ഗോയലിന്റെ അധ്യക്ഷതയിൽ ഉന്നതതല ക്രമസമാധാന അവലോകന യോഗം ചേർന്നു. തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട ക്രമസമാധാന പാലനത്തിൽ ജില്ലയിലെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനും സുരക്ഷാക്രമീകരണങ്ങൾ ഉറപ്പാക്കുന്നതിനുമായാണ് ജില്ലാ കളക്ടറുടെ ചേംബറിൽ യോഗം ചേർന്നത്.
ജില്ലയുടെ അതിർത്തി പങ്കിടുന്ന ഭാഗങ്ങളിൽ ലഹരിവസ്തുക്കൾ, കണക്കിൽപ്പെടാത്ത പണം, ആയുധങ്ങൾ എന്നിവ കടത്തുന്നത് തടയാൻ കർശനമായ ചെക്ക്പോസ്റ്റ് പരിശോധനകൾ നടത്തുമെന്നും വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സംയുക്ത പട്രോളിംഗ് ഏർപ്പെടുത്തുമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ അറിയിച്ചു. സെൻസിറ്റീവ് ബൂത്തുകളെ പ്രത്യേകം തരംതിരിച്ച് അവിടെ വെബ്കാസ്റ്റിംഗും കേന്ദ്ര സേനയുടെ സേവനവും ഉറപ്പാക്കാൻ തീരുമാനിച്ചു.
സമാധാന പൂർണമായി തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കളക്ടർ ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും രാഷ്ട്രീയ പാർട്ടികളുടെയും സഹകരണം അഭ്യർഥിച്ചു. ജില്ലയിൽ സമാധാനപരമായ പോളിംഗ് ഉറപ്പാക്കുന്നതിന് സഹകരണം ആവശ്യമാണെന്നും ചട്ടലംഘനങ്ങൾക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നടപടി ഉണ്ടാകുമെന്നും കളക്ടർ പറഞ്ഞു.
ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണ്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ജയശ്രീ എസ്. വാരിയർ, എഡിഎം സി.എസ്. രാജേഷ്, ഫോറസ്റ്റ്, എക്സൈസ്, ബിഎസ്എഫ് തുടങ്ങിയ വിവിധ വിഭാഗങ്ങളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.