കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സഹ വൈദികരുമൊത്ത് വിശുദ്ധ അൽഫോൻസാമ്മയുടെ കബറിടത്തിങ്കല്‍ പ്രാര്‍ഥിക്കുന്നു.
ഭരണങ്ങാനം: ജീവിതകാലത്ത് ഈശോയോട് സംഭാഷണത്തില്‍ ആയിരുന്ന അല്‍ഫോന്‍സാമ്മ ഇന്ന് എല്ലാവരോടും സംസാരിക്കുന്നതായും ഈ പുണ്യകുടീരം ദുഃഖം അനുഗ്രഹമായി മാറ്റുന്ന സവിധമാണെന്നും ഇവിടം സന്ദര്‍ശിച്ച് പ്രാര്‍ഥിക്കുന്ന എല്ലാവരും ആത്മീയമായി നവീകരിക്കപ്പെട്ടാണ് സ്വഭവനങ്ങളിലേക്ക് തിരികെ പോകുന്നതെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.
ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന്റെ എട്ടാം ദിനമായ ഇന്നലെ തീര്‍ഥാടന ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു കർദിനാൾ.
സഭയുടെ ആധ്യാത്മികപാരമ്പര്യം വിശുദ്ധരിലൂടെ സംജാതമാകുന്നതിന് തെളിവാണ് ഈ പുണ്യകുടീരം. പരസ്പര ധാരണയും ചിന്തകളും ഒരേ ലക്ഷ്യങ്ങള്‍ക്കു വേണ്ടിയുള്ള സംസാരങ്ങളും നഷ്ടപ്പെട്ടു പോകുന്നത് ഈ കാലഘട്ടത്തിലെ പ്രതിസന്ധിയാണ്. സൗഹൃദ ബന്ധങ്ങളില്‍, കുടുംബ ബന്ധങ്ങളില്‍, സഭയില്‍, സമൂഹത്തില്‍, ലോകത്തില്‍ സ്നേഹവും ഐക്യവും വളര്‍ത്തുന്നതിന് എല്ലാവരും ഒരുമിച്ച് പരിശ്രമിക്കണം.
സഹനങ്ങള്‍ ദൈവഹിതമായി സ്വീകരിച്ച വിശുദ്ധ അല്‍ഫോന്‍സ, ദുഃഖം അനുഗ്രഹമായി മാറുമെന്ന് സാക്ഷ്യം വഹിക്കുന്നു - മാർ ആലഞ്ചേരി കൂട്ടിച്ചേർത്തു. ഫാ. മാത്യു കുറ്റിയാനിക്കല്‍, ഫാ. ജോര്‍ജ് പൊന്നുംവരിക്കയില്, ഫാ. ജോര്‍ജ് ഉറുമ്പിക്കുന്നേല് എന്നിവര്‍ സഹകാര്‍മികരായിരുന്നു.
ഫാ. സിറിയക് തടത്തില്‍, ഫാ. ഡോ. ജേക്കബ് പോത്തുങ്കല്‍, ഫാ. ഡോ. തോമസ് കാലാച്ചിറ, ഫാ. ഡോ. ഡൊമിനിക് വെച്ചൂര്‍, ഫാ. വര്‍ഗീസ് പരിന്തിരിക്കല്‍, ഫാ. ജോസഫ് അരഞ്ഞാണിപുത്തന്‍പുര, ഫാ. ജോസഫ് മണിയഞ്ചിറ, ഫാ. ഡോ. കുര്യാക്കോസ് കാപ്പിലിപ്പറമ്പില്‍ എന്നിവര്‍ വിശുദ്ധ കുര്ബാനകളര്പ്പിച്ച് സന്ദേശം നല്കി. വൈകുന്നേരം 6.15ന് നടന്ന ആഘോഷമായ ജപമാല തിരിപ്രദക്ഷിണത്തിന് പാലാ രൂപത എസ്എംവൈഎം ഡയറക്ടര്‍ ഫാ. മാണി കൊഴുപ്പന്‍കുറ്റി നേതൃത്വം നല്കി.
തിരുനാളിന്റെ എട്ടാം ദിനമായ ഇന്നലെ അല്ഫോന്സിയന് യുവജന ദിനമായി ആചരിച്ചു. യുവജനങ്ങള്‍ക്ക് വേണ്ടിയുള്ള പ്രത്യേക ആശീര്‍വാദ പ്രാര്‍ഥന നടത്തി. ചെങ്ങളം സെന്റ് ആന്റണീസ് പള്ളിയില്‍നിന്ന് തുടര്‍ച്ചയായ 27-ാം വര്‍ഷവും അല്‍ഫോന്‍സാമ്മയുടെ കബറിടത്തിലേക്ക് തീര്‍ഥാടനം നടത്തി. വികാരി ഫാ. വര്‍ഗീസ് പരിന്തിരിക്കല്‍ നേതൃത്വം നല്കി.
Tags : Nattuvishesham DistrictNews DeepikaNews Mar George Alencherry