മുതലമട പള്ളത്ത് റോഡരികിൽ സ്ഥാപിച്ച വിവിധ സ്ഥാനാർഥികളുടെ ഫ്ലക്സുകളും കൊടിതോരണങ്ങളും.
കൊല്ലങ്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിന് അഞ്ചുദിവസം ബാക്കിനിൽക്കേ ഗ്രാമീണമേഖലയിൽ പ്രചാരണങ്ങൾ ശക്തമായി. വാഹനങ്ങളിൽ ഉച്ചഭാഷിണി പ്രചാരണങ്ങൾ സജീവമായതിനൊപ്പം ഗ്രാമീണറോഡരികിൽ ഫ്ലക്സ്, കൊടിതോരണങ്ങൾ എന്നിവ നിറഞ്ഞു.
എന്നാൽ പ്രധാന പാതകളിൽ ഇവയുടെ എണ്ണം കുറവാണ്. ഓരോ സ്ഥാനാർഥിയും മൂന്നും നാലും തവണ വീടുകളിൽ വോട്ടർമാരെ കണ്ട് അഭ്യർഥന നടത്തിക്കഴിഞ്ഞു. നിയോജക മണ്ഡലത്തിൽ മുതലമട പഞ്ചായത്തിൽ യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ സ്വതന്ത്ര സ്ഥാനാർഥികൾക്കു പുറമെ ട്വന്റി ട്വന്റിയുടെ രംഗപ്രവേശം തെരഞ്ഞെടുപ്പിന് കൂടുതൽ ആവേശം പകർന്നിട്ടുണ്ട്. പഞ്ചായത്തിൽ ആകെയുള്ള 22 സീറ്റിൽ 21 സീറ്റിലും ട്വന്റി ട്വന്റി സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്.
ഇവരിൽ മുൻപഞ്ചായത്ത്ഭരണ സമിതി പ്രസിഡന്റ് കൽപ്പനാദേവിയും വൈസ് പ്രസിഡന്റ് എം. താജുദീനും മത്സര രംഗത്തുണ്ട്. 2020 തെരഞ്ഞെടുപ്പിൽ ഇരുവരും സ്വതന്ത്രരായി മത്സരിച്ചു വിജയിച്ചവരാണ്. നാല് വാർഡുകളിൽ വിജയിക്കുമെന്നും പത്തു വാർഡുകളിൽ ശക്തമായ സാനിധ്യം അറിയിക്കുമെന്നുമാണ് ട്വന്റി ട്വന്റിയുടെ അവകാശവാദം.