പ്രതികൾ ഉപയോഗിച്ച കാർ പോലീസ് കസ്റ്റഡിയിൽ
പൂവച്ചൽ : യുവാവിനെ തട്ടിക്കൊണ്ടുപോയി പിന്നീട് വിട്ടയച്ച സംഭവവത്തിൽ പ്രതികൾക്കായുള്ള തെരച്ചിൽ പോലീസ് ഊർജിതപ്പെടുത്തി. മൊബൈൽ ടവറുകളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇന്നലെയാണ് കാറിലെത്തിയ ഒരു സംഘം മുത്തൂറ്റ് മാനേജർ ഗിരീഷിനെ തട്ടിക്കൊണ്ടുപോയ ശേഷം പിന്നീട് ബൈക്കിൽ തിരികെയെത്തിച്ചത്. കാറിൽ തന്നെ മർദിച്ചതായി ഗിരീഷ് പറഞ്ഞു.
യുവാവിനെ തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച കാർ വിളപ്പിൽശാല പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കാപ്പിക്കാട് സിഎസ്ഐ പള്ളിക്ക് സമീപം റോഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പ്രതികൾ മറ്റൊരു കാറിൽ രക്ഷപ്പെട്ടിരിക്കാം എന്നതാണ് പോലീസിന്റെ നിഗമനം. പ്രതികളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
പ്രതികൾ ജില്ല വിട്ടിരിക്കാമെന്ന സംശയവും പോലീസിനുണ്ട്. കഴിഞ്ഞ ദിവസം തന്നെ പ്രതികളിൽ ഒരാളുടെ സഹോദരനെ പോലീസ് സ്റ്റേഷനിൽ വിളിപ്പിച്ച് വിവരശേഖരണം നടത്തിയിരുന്നു. കാട്ടാക്കട ഡിവൈഎസ്പി ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്ഐ മനോജും സംഘവുമാണ് അന്വേഷണം നടത്തുന്നത്. വ്യക്തി വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് ഇന്നലെ ഗിരീഷ് മൊഴി നൽകിയിരുന്നു .
Tags : Local News Nattuvishesham Thiruvananthapuram