മുരുക്കുംപുഴ: പെരുങ്കുഴിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. പെരുങ്കുഴി നാലുമുക്ക് ചരിവിള വീട്ടിൽ ഗീത(55) യ്ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാവിലെ അഞ്ചരയോടെ പ്രഭാത ഭക്ഷണം ഉണ്ടാക്കുന്നതിനിടയിൽ അടുക്കള വാതിലിൽ കൂടി അകത്ത് കടന്ന കാട്ടു പന്നി ഗീതയെ ആക്രമിച്ചത്.
ബഹളം കേട്ട് ഭർത്താവ് അശോകൻ വടിയുമായി ഓടിയെത്തിയപ്പോഴാണ് കാട്ടുപന്നി പുറത്തേക്ക് ചാടി രക്ഷപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഗീതയെ ആദ്യം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാലിന് ഏകദേശം 5 സെന്റിമീറ്ററോളം ആഴത്തിൽ മുറിവേറ്റിട്ടുണ്ട്.
പത്തിലധികം തുന്നൽ ഇടേണ്ടി വന്നു. ഈ പ്രദേശത്ത് സാധാരണയായി കാട്ടുപന്നി ശല്യം ഉണ്ടാകാറില്ലെന്നും ആദ്യമായാണ് ഇത്തരമൊരു സംഭവം കേൾക്കുന്നതെന്നും നാട്ടുകാർ പറയുന്നു. ജനവാസ മേഖലയിൽ പന്നി ഇറങ്ങി വീട്ടമ്മയെ ആക്രമിച്ച സംഭവത്തിൽ നാട്ടുകാർ കടുത്ത ആശങ്കയിലാണ്.
Tags : Local News Nattuvishesham Thiruvananthapuram